ലൈംഗികാരോപണത്തെത്തുടര്‍ന്ന് 38 ദിവസങ്ങളായി വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്വന്തം മണ്ഡലമായ പാലക്കാട്ടെത്തി. വിവാദമുണ്ടായശേഷം ആദ്യമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് വരുന്നത്. ഓഗസ്റ്റ് 17 നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടു നിന്നും പോയത്.
അടൂരിലെ വീട്ടില്‍ നിന്നും ഇന്നു പുലര്‍ച്ചെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് യാത്ര തിരിച്ചത്. രാവിലെ 10 മണിയോടടുത്ത് പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടില്‍ രാഹുല്‍ സന്ദര്‍ശിച്ചു. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ കൂട്ടാക്കിയില്ല.

രാഹുല്‍ എംഎൽഎക്കെതിരെ ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിച്ചു . സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പാലക്കാട് പൊലീസ് ജാഗ്രത പുലര്‍ത്തുകയാണ്. എംഎല്‍എ ഓഫീസിന്റെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വന്നാല്‍ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നേരത്തെ വ്യക്തമാക്കിയിരുന്നു.

മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിൻ്റെ പ്രാഥമികാംഗത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. കഴിഞ്ഞ മാസം 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയർന്നുവന്നത്. അതിന് ശേഷം ഒരു മാസമായി എംഎൽഎ മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല.