ആശ്വാസ തീരത്ത് ആഹ്ലാദ തിരതല്ലൽ;ആമിനുമ്മയും സുബൈദയും;ഇനി ഉറപ്പുള്ള കൂടുകളിലേക്ക്.

“മുടങ്ങാതെ പെൻഷനും മറ്റ് സഹായവുമായി ചേർത്തുപിടിക്കുന്ന സർക്കാർ തലചായ്ക്കാൻ ഞങ്ങൾക്ക് സുരക്ഷിതമായ ഇടവും ഒരുക്കിയിരിക്കുന്നു”. സ്വന്തം വീട് അരികിലെത്തിയ സന്തോഷത്തിലും അതിലേറെ ആശ്വാസത്തിലുമാണ് ഫോർട്ട്‌ കൊച്ചി മെഹബുബ് നഗർ പാർക്ക്‌ കോളനിയിലെ ഉമ്മമാരായ സുബൈദയും ആമിനയും.

ഫോർട്ട്‌ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 27 നു ഉദ്ഘാടനം ചെയ്യുന്ന ഫ്ലാറ്റ് സമുച്ചയം

വിവാഹം കഴിച്ചയച്ച മക്കളെ ഒരു രാത്രിയെങ്കിലും കൂടെ നിര്‍ത്തണമെന്നത് ആമിനുമ്മയുടെ ആഗ്രഹമാണ്. “പേരക്കുട്ടികളെ നിർത്താം എന്നോർത്താൽ ആദ്യം മനസിൽ വരുന്നത് അവരെ സുഖമായി എങ്ങനെ കിടത്തും എന്നതാണ്. എന്തായാലും അതെല്ലാം ഇനി സാധിക്കുമല്ലോ” ഏറെ വികാരത്തോടെയാണ് ആമിനുമ്മ ഇത് പറയുന്നത്.

സ്വന്തം വീട് എന്ന അഭിമാന നിമിഷത്തിലാണ് ഇവരെപ്പോലെ കടൽ തീരത്തെ കൽവാത്തി, കൊഞ്ചേരി, തുരുത്തി കോളനികളിലെ ഒരു കൂട്ടം മനുഷ്യർ. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് കൊച്ചി കോർപ്പറേഷൻ. രാജീവ് ആവാസ് യോജന പദ്ധതി പ്രകാരമാണ് ഫോർട്ട് കൊച്ചി തുരുത്തിയിൽ ഇരട്ട ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഭൂരഹിതരും ഭവന രഹിതരുമായ 394 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.

ആമിനയുമ്മ

കൊച്ചി നഗരത്തിൻ്റെയും കേരളത്തിൻ്റെയും ഏറ്റവും വലിയ സ്വപ്ന പദ്ധതിയും അഭിമാന പദ്ധതിയുമാണ് ഇതെന്ന് മേയർ എം അനിൽ കുമാർ പറഞ്ഞു. പാവപ്പെട്ട മനുഷ്യർക്ക് അന്തിയുറങ്ങാൻ സ്വന്തമായ വിട് എന്ന സ്വപ്നം ആണ് സാക്ഷാത് കരിക്കപ്പെടുന്നത്. 2011 ൽ വിഭാവനം ചെയ്ത് ആരംഭിച്ച പദ്ധതി തങ്ങൾ അധികാരത്തിൽ വന്നപ്പോൾ ഒരു തരത്തിലും മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത വിധത്തിൽ നിലച്ചതാണ്.എല്ലാ മാസവും കൃത്യമായ അവലോകനം നടത്തി ഏകോപനത്തോടെയും ഒറ്റ മനസോടെയും നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമാണ് പദ്ധതിയുടെ പൂർത്തികരണം.

എൽ എൻ ജി ടെർമിനൽ, വിശാലമായ അറബിക്കടൽ, ഫോർട്ട് കൊച്ചി ബീച്ച്, ഗോശ്രീ ബ്രിഡ്ജ്, മറൈൻ ഡ്രൈവ്, തുടങ്ങി കൊച്ചിയുടെ ഏറ്റവും മനോഹരമായ കാഴ്ചയെ ആസ്വദിക്കാവുന്ന രീതിയിലാണ് ഫ്ലാറ്റ് സമുച്ചയം രൂപകൽപന ചെയ്തിട്ടുള്ളത്. കൊച്ചിയുടെ ദൃശ്യങ്ങളിലേക്കുള്ള എത്തിനോട്ടത്തിന് അവസരമൊരുക്കുന്നതാകും ഫ്ലാറ്റുകളെന്നു മേയർ പറഞ്ഞു.

സുബൈദ

ഫ്ലാറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 5 ന് നിർവ്വഹിക്കും.രണ്ട് ഭവന സമുച്ചയങ്ങളാണ് നിലവിൽ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യത്തെ സമുച്ചയം നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും, രണ്ടാമത്തെ സമുച്ചയം നഗരസഭയ്ക്ക് വേണ്ടി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡുമാണ് നിര്‍മ്മിച്ചിട്ടുള്ളത്.

10796.42 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍, നഗരസഭ നിര്‍മ്മിച്ച ഒന്നാമത്തെ ടവറിൻ്റെ നിർമ്മാണ ചെലവ് 41.74 കോടി രൂപയാണ്.11 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര അടി വീതമുള്ള 199 യൂണിറ്റുകളാണ് ഉള്ളത്. ഓരോ യൂണിറ്റിലും ഡൈനിംഗ് / ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, രണ്ട് ടോയ്ലെറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട് .

കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് 44.01 കോടി രൂപ ചെലവഴിച്ചാണ് രണ്ടാമത്തെ ടവറിന്റെ നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒരു പൊതുമുറ്റത്തിന് ചുറ്റുമായി 13 നിലകളില്‍, ആകെ 195 പാര്‍പ്പിട യൂണീറ്റുകളാണുള്ളത്. ഓരോ നിലയിലും 15 യൂണിറ്റ് വീതമുണ്ട്. താഴത്തെ നിലയില്‍ 18 കടമുറികളും, പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.

ഭൂരഹിതരും ഭവന രഹിതരുമായ 394 കുടുംബങ്ങൾ, ആധുനിക സൗകര്യങ്ങളുള്ള, വൃത്തിയുള്ളതും മനോഹരവുമായ, ഫ്ലാറ്റുകളിലേക്ക് ഇനി ചേക്കേറും.