കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മരുന്ന് വേണ്ട; ജീവിതശൈലിയില്‍ മാറ്റങ്ങൾ നിർദേശിച്ച് ഡോക്ടർമാർ

ഹൃദയാരോഗ്യത്തിന് ഏറെ ദോഷകരമായ എല്‍.ഡി.എല്‍. അഥവാ ‘ചീത്ത കൊളസ്‌ട്രോള്‍’ നിയന്ത്രിക്കാന്‍ മരുന്ന് കഴിക്കാതെ ചെയ്യാവുന്ന നാല് ലളിതമായ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ച് പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധ ഡോ. അഡ്രിയാന ക്വിനോന്‍സ്-കമാച്ചോ. കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകാമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വര്‍ഷങ്ങളോളം ധമനികളുടെ ഭിത്തികളില്‍ അടിഞ്ഞുകൂടുന്ന ‘ചീത്ത കൊളസ്‌ട്രോള്‍’ പ്ലാക്ക് രൂപീകരണത്തിലേക്ക് നയിക്കുന്നു. ഇത് ധമനികളെ ഇടുങ്ങിയതാക്കുകയും കട്ടിയുള്ളതാക്കുകയും ചെയ്യും. ഇത് പിന്നീട് ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് ധമനികള്‍ കട്ടിയാകുന്ന അവസ്ഥയായ ‘അഥെറോസ്‌ക്ലെറോസിസി’ന് കാരണമാവുകയും അതുവഴി സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു.

പൂരിതവും ട്രാന്‍സ് ഫാറ്റ് കൂടുതലുള്ളതുമായ അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലാത്ത ജീവിതശൈലി, അമിതമായ പുകവലി, മദ്യപാനം, ജനിതക ഘടകങ്ങള്‍, അമിതവണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യപരമായ അവസ്ഥകള്‍ എന്നിവ ഉയര്‍ന്ന എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന് കാരണമാകുന്നു.

ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തുന്ന ചില മാറ്റങ്ങള്‍ മരുന്നിനേക്കാള്‍ ഫലപ്രദമായി കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഡോ. അഡ്രിയാന നിര്‍ദ്ദേശിക്കുന്ന നാല് മാറ്റങ്ങള്‍ ഇവയാണ്:

  1. വിവേകപൂര്‍വ്വം കൊഴുപ്പുകള്‍ തിരഞ്ഞെടുക്കുക:പൂരിത കൊഴുപ്പുകള്‍ ഒഴിവാക്കി അപൂരിത കൊഴുപ്പുകള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. വാള്‍നട്ട്, സാല്‍മണ്‍, ഫ്‌ളാക്‌സ് സീഡ്, അയല തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.
  2. പഞ്ചസാരയുടെ അളവ് കുറച്ച് കൂടുതല്‍ നാരുകള്‍ കഴിക്കുക:ഭക്ഷണത്തില്‍ കൂടുതല്‍ നാരുകള്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാന്‍ സഹായിക്കും. നാരുകള്‍ രക്തപ്രവാഹത്തിലേക്ക് കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ഹൃദയാരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍ പറയുന്നു.
  3. ദിവസവും വ്യായാമം ചെയ്യുക:ദിവസവുമുള്ള വ്യായാമം ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, ഹൃദയസംബന്ധമായ ആരോഗ്യത്തിനും നല്ലതാണ്. മാനസിക സമ്മര്‍ദ്ദം ഉയര്‍ന്ന കൊളസ്‌ട്രോളിന് കാരണമാകുന്നതിനാല്‍, ഓട്ടം, നടത്തം, യോഗ, ശക്തി പരിശീലനം എന്നിവപോലുള്ള വ്യായാമങ്ങള്‍ ആ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും.
  4. പതിവായി പരിശോധനകള്‍ നടത്തുക:എപ്പോഴും ഒരു ഡോക്ടറുമായി ബന്ധം പുലര്‍ത്തുകയും കൃത്യമായ ഇടവേളകളില്‍ ഹൃദയ പരിശോധനകള്‍ നടത്തുകയും ചെയ്യുക. ഡോക്ടറുമായി സംസാരിക്കുന്നത് ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളും മരുന്നുകളും നിര്‍ണ്ണയിക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍ പരിശോധന എത്രത്തോളം വേണം?

പ്രായം, കുടുംബ പാരമ്പര്യം, ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യതകള്‍, ലിംഗഭേദം എന്നിവ അനുസരിച്ച് കൊളസ്‌ട്രോള്‍ പരിശോധനകള്‍ നടത്തണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പ്രായം കൂടുന്തോറും കൂടുതല്‍ തവണ പരിശോധന നടത്തേണ്ടി വരും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗമോ ഉയര്‍ന്ന കൊളസ്‌ട്രോളോ ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പുരുഷന്മാര്‍ ചെറുപ്പത്തില്‍ തന്നെ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.