കൊച്ചി: കേരളത്തിൽ പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കുന്നതിന് പരിസ്ഥിതി ഓഡിറ്റിങ് നടത്തണമെന്ന് ഹൈക്കോടതി നിർദേശം. വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് സമയംതേടി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് കോടതി നിർദേശം.
പന്ത്രണ്ട് ജില്ലകൾ ഒഴിച്ച് മറ്റുള്ള ജില്ലകളൊക്കെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു. പൊതുവായി പറയുന്നതിനപ്പുറം ഇക്കാര്യത്തിൽ വിശദമായ പഠനമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. ജിയോ മാപ്പിങ്ങാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. എല്ലാ വെള്ളിയാഴ്ചയും വിഷയം പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സ്റ്റേറ്റ് എൻവയൺമെൻ്റ് ഇംപാക്ട്ട് അതോറിറ്റി തുടങ്ങിയവരെ കേസിൽ കക്ഷിയാക്കി നോട്ടീസിന് നിർദേശിച്ചു.
വികസനപദ്ധതികൾ നടപ്പാക്കുംമുൻപ് അത് എങ്ങനെ പ്രകൃതിയെ ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. സർക്കാർ വകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ ഏകോപനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സർക്കാരിന്റെ നയരൂപവത്കരണത്തിനടക്കം അത് സഹായകമാകും. നിർമാണപ്രവർത്തനങ്ങൾ അനുവദിക്കാവുന്നതും അനുവദിക്കാനാകാത്തതുമായ മേഖല ഏതെന്ന് വ്യക്തമായി തിരിക്കാനാകണം. ഇക്കാര്യങ്ങളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്