ചരക്ക് സേവന നികുതി നിരക്ക് പരിഷ്കരണം നാളെമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ആഘോഷങ്ങളുടെ തുടക്കം പുതിയ നികുതി നിരക്കോടെയാണ് എന്ന് അറിയിച്ചായിരുന്നു മോദിയുടെ പ്രഖ്യാപനം.
നാളെ മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. നികുതി നിരക്കിലെ പരിഷ്കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളർച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നും മോദി അവകാശപ്പെട്ടു. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം.

നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജിഎസ്ടി ബജത് ഉത്സവം തുടങ്ങുകയാണ്, എല്ലാ വീട്ടിലും നാളെ മധുരം എത്തുന്നു എന്നായിരുന്നു മോദി ജിഎസ്ടി പരിഷ്കരണത്തെ വിശേഷിപ്പിച്ചത്. ജിഎസ്ടി സേവിങ് ഉത്സവം അത്മനിര്‍ഭര്‍ ഭാരത്തിലേക്കുള്ള യാത്രയുടെ സുപ്രധാന ചുവടാണിത്. നാളെ മുതല്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാകും. ജിഎസ്ടിയിലൂടെ നികുതി ഘടന ലഘൂകരിക്കപ്പെട്ടു. നേരത്തെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് സാധനങ്ങള്‍ കൊണ്ട് പോകുമ്പോള്‍ നികുതി നല്‍കേണ്ടി വനിന്നിരുന്നു. പല തരത്തിലുള്ള നികുതികള്‍ നില നിന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്നും മോദി അവകാശപ്പെട്ടു.

നാളെ മുതല്‍ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലകുറയും. ഇത്തരം സാധങ്ങളില്‍ ഭൂരിഭാഗത്തിന്റെയും നികുതി നിരക്ക് 5 ശതമാനത്തിലേക്ക് എത്തും. രാജ്യത്തെ മധ്യ വര്‍ഗത്തിനും സാധാരണക്കാരുടെയും ജീവിതത്തില്‍ നികുതി നിരക്കുകള്‍ വലിയ മാറ്റം കൊണ്ടുവരും. രാജ്യത്തെ സമസ്തമേഖലയ്ക്കും പരിഷ്കണം ഉണര്‍വ് നല്‍കും മോദി പറഞ്ഞു.
