നാലാംക്ലാസ്സുകാരനും പത്താംക്ലാസ്സുകാരനും അച്ഛനും അമ്മയ്ക്കുമൊപ്പം ദേശീയ നൃത്തോത്സവ വേദിയിൽ

നാലാംക്ലാസ്സുകാരനും പത്താംക്ലാസ്സുകാരനും അച്ഛനും അമ്മയ്ക്കുമൊപ്പം ത്രിഭംഗി ദേശീയ നൃത്തോത്സവ വേദിയിൽ ചുവട് വെച്ചപ്പോൾ ഹർഷാരവത്തോടെയാണ് അങ്കമാലിക്കാർ സ്വീകരിച്ചത്. പ്രശസ്ത നർത്തകൻ ബദരി ദിവ്യ ഭൂഷണും ഭാര്യയും നർത്തകിയുമായ ഡോ. അഞ്ജന ഭൂഷണും മക്കളായ അഭ്യുദയ് ധ്യാൻ ഭൂഷണും അഭിഘ്നൻ വേദാന്ത് ഭൂഷണുമാണ് ഒരുമിച്ച് ഒരേവേദിയിൽ നൃത്തം അവതരിപ്പിച്ചത്.

രാമായണകഥയെ അടിസ്ഥാനമാക്കിയ ഭരതനാട്യം ഗ്രൂപ്പ് നൃത്തമാണ് അവതരിപ്പിച്ചത്. നൃത്തത്തോടൊപ്പം അഭിനയവും സംഭാഷണവും ഉൾപ്പെടുത്തിയാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയത്.

ആസ്വാദകർക്കിടയിൽ ഈ നൃത്തം അറിയപ്പെടുന്നത് ഭൂഷൺ സ്റ്റെൽ ഓഫ് നൃത്താ എന്നാണ്. മൈസൂർ സ്വദേശിയാണ് ബദരി ദിവ്യ ഭൂഷൺ. രണ്ട് മക്കളും ജനിച്ച് ആറാംമാസം മുതൽ തങ്ങൾക്കൊപ്പം ചുവടുവെച്ച് തുടങ്ങിയെന്നും നൃത്തത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് അവരെ നർത്തകർ ആക്കിയതെന്നും ബദരി ദിവ്യ ഭൂഷണും ഡോ. അഞ്ജന ഭൂഷണും ഒരേ സ്വരത്തിൽ പറഞ്ഞു.