പ്രവാസി വോട്ടവകാശം തദ്ദേശ തിരഞ്ഞെടുപ്പിലെങ്കിലും യാഥാര്‍ത്ഥ്യമാക്കണം: കെ. സൈനുല്‍ ആബിദീന്‍

വിദേശത്ത് കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസി ഭാരതീയരുടെ വോട്ടവകാശം കാലതാമസമില്ലാതെ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുല്‍ ആബിദീന്‍ ദേശീയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്കും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും കത്തയച്ചു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിലെങ്കിലും പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണം എന്ന ആവശ്യപ്പെട്ടാണ് കത്തയച്ചത്. ഇത്തരം നടപടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സമഗ്രതക്കും പ്രവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനും ആവശ്യമാണ്.

പ്രവാസികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് നല്‍കുന്ന സംഭാവന അളന്നറിയാനാവാത്തതാണ്. എന്നാല്‍ അവരെ ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിച്ചുനിര്‍ത്തുന്നത് നീതിയല്ല. ലോകത്തിലെ പല രാജ്യങ്ങളും അവരുടെ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയും ഇനി പിന്നിലാകാന്‍ പാടില്ല. നിയമ പോരാട്ടങ്ങളുടെ തുടര്‍ച്ചയായി തന്നെയാണ് കത്ത് അയച്ചതെന്നും ഇതിനകംതന്നെ സുപ്രീംകോടതി ഉള്‍പ്പെടെയുള്ള വിവിധ വേദികളില്‍ വിഷയമുയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തില്‍ മാത്രം 30 ലക്ഷത്തിലധികം പ്രവാസികളുണ്ട്. രാജ്യവ്യാപകമായി ഇതിന്റെ എണ്ണം കോടിക്കണക്കായി വരും. ഇവരെ വോട്ടവകാശത്തില്‍നിന്ന് ഒഴിവാക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിനു ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കുന്നതിനായി തപാല്‍ വോട്ട്, ഇ-വോട്ടിംഗ്, എംബസി വഴിയുള്ള വോട്ട് തുടങ്ങിയ രീതികളെ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരും ആലോചിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍നിന്ന് ആരംഭിക്കുന്ന നടപടി പ്രവാസികളുടെ ജനാധിപത്യ പങ്കാളിത്തത്തിന് വലിയൊരു വഴിതുറക്കും എന്നും കെ. സൈനുല്‍ ആബിദീന്‍ വ്യക്തമാക്കി.