സിപിഎം എംഎൽ എ ക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിനു പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയോ ?

എറണാകുളത്തെ സിപിഎം നേതാക്കള്‍ക്കെതിരായി ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം വിലകുറഞ്ഞതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.

മുഹമ്മദ് ഷിയാസ് കോൺഗ്രസ് എറണാകുളം ജില്ല പ്രസിഡന്റ്

ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയതയാണ് ഇതിന്റെ പിന്നില്‍. അധികാര രാഷ്ട്രീയത്തോടുള്ള അഭിനിവേശത്തില്‍ മുന്‍പും പാര്‍ട്ടി ഓഫീസില്‍ ക്യാമറ വെച്ച് ജില്ലാ സെക്രട്ടറിയെ കുടുക്കിയവര്‍ വീണ്ടും ഇത് ആവര്‍ത്തിക്കുകയാണ്. ഈ വിഴുപ്പ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ട. എല്ലാകാലത്തും എല്ലാം ഒളിച്ചു വയ്ക്കാന്‍ കഴിയില്ലെന്ന് സിപിഎം നേതാക്കള്‍ ഓര്‍ത്താല്‍ നന്നെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

എസ് സതീഷ്‌ സിപിഎം എറണാകുളം ജില്ല സെക്രട്ടറി

എംഎല്‍എയും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് മത്സരിച്ച സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. അത്തരം വാര്‍ത്തയുമായി കോണ്‍ഗ്രസിനോ അതിന്റെ നേതാക്കന്‍മാര്‍ക്കോ പങ്കില്ല. ഏതെങ്കിലും ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തകള്‍ ആരെങ്കിലും പ്രചരിപ്പിച്ചാല്‍ അത് എങ്ങനെയാണ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനാകുക?. കോണ്‍ഗ്രസിന്റെ ജീര്‍ണതയാണെന്ന് എങ്ങനെയാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് പറയാന്‍ കഴിയുക?- ഷിയാസ് ചോദിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി ഈ പ്രസ്താവന പിന്‍വലിക്കണം. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത് എങ്ങനെയാണെന്ന് ഇവര്‍ അന്വേഷിക്കണ്ടേ?. സിപിഎമ്മിനകത്തെ അധികാര രാഷ്ട്രയീത്തിന്റെ ഗുഢാലോചനയുടെ ഭാഗമായുണ്ടായ വാര്‍ത്തയാണ് ഇത്. സിപിഎം നേതാക്കന്‍മാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇത്തരത്തിലേക്ക് മാറുമ്പോള്‍ അന്വേഷണം നടണ്ടേത് സിപിഎം ജില്ലാ സെക്രട്ടറിയാണ്.

ഇന്ന് രാവിലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയാണ് എല്ലാത്തിനും അടിസ്ഥാനം. കോണ്‍ഗ്രസ് പത്രത്തില്‍ അല്ല ഈ വാര്‍ത്ത വന്നത്. ഏതെങ്കിലും ഒരുപത്രത്തില്‍ ഒരു വാര്‍ത്ത വന്നാല്‍ കോണ്‍ഗ്രസ് ആണെന്ന് പറയാന്‍ കഴിയുമോ?. സിപിഎം ജില്ലാ സെക്രട്ടറിയുടെ പക്വത കുറവ് കൊണ്ടാവാം ഇത്തരം ആരോപണം ഉന്നയിക്കന്നത്. ചില കാര്യങ്ങള്‍ എല്ലാ കാലത്തും ഒളിച്ചുവയ്ക്കാന്‍ കഴിയില്ലെന്നും ഷിയാസ് പറഞ്ഞു