2026ലെ നിയമസഭാ തിരഞ്ഞെടുപ്പ്:രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റിൽ ചേർന്നു.

പോളിങ് സ്റ്റേഷനുകളുടെ പുന:ക്രമീകരണവും സമഗ്ര വോട്ടർ പട്ടിക പുതുക്കലിന്റെയും ഭാഗമായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.

സമഗ്രവോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടെന്നും മതിയായ രേഖകൾ യഥാസമയം ഹാജരാക്കി നിയമാനുസൃതമായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളവരെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി രേഖകൾ ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും
ബൂത്ത് ലെവൽ ഓഫീസർമാരുടെയും ബൂത്ത് ലെവൽ ഏജന്റുമാരുടെയും യോഗം ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കൂടാതെ എല്ലാ ബൂത്തുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കുന്നതിന് അംഗീകൃത രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്നും അതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശങ്ങളും പെരുമാറ്റച്ചട്ടവും വിശദീകരിച്ചു.

സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ,അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.