ശിവഗിരി പൊലീസ് നടപടിയില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കോടതി നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ പൊലീസ് നടപടി അനിവാര്യമായിരുന്നു.

അങ്ങനെ ഒരു അനിവാര്യതയിലേക്ക് ആരാണോ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കിയത് അവരാണ് തെറ്റുകാര്‍ .അന്നത്തെ സര്‍ക്കാര്‍ ശിവഗിരി മഠത്തെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്. നിയമസഭയിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പറയാനില്ലെന്നും സ്വാമി സച്ചിദാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.

ശിവഗിരി മഠത്തിലെ സ്‌കീം അനുസരിച്ച് അഞ്ചുവര്‍ഷം കൂടുമ്പോള്‍ അവിടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണം. കൂടാതെ ഭരണകൈമാറ്റം നടത്തുകയും വേണം. 1995ല്‍ അതുപ്രകാരം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത് പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള സന്യാസിമാരാണ്. അതുവരെ ഭരണം നടത്തിയിരുന്ന ആളുകള്‍ ഭരണ കൈമാറ്റം നടത്താതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മറ്റു ഉപാധികള്‍ പറഞ്ഞ് ഭരണം കൈമാറാതിരുന്നു.
ആ സാഹചര്യത്തില്‍ പ്രകാശാനന്ദ സ്വാമി കോടതിയെ സമീപിക്കുകയും കോടതി സ്വാമിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. ഭരണകൈമാറ്റം നടത്തുന്നതിന് വേണ്ടി ഹൈക്കോടതി നിര്‍ദേശം നല്‍കുകയും പ്രകാശാനന്ദയ്‌ക്കൊപ്പം ആമീന്‍ പലപ്രാവശ്യം ശിവഗിരിയില്‍ എത്തി ഭരണം ഏറ്റുവാങ്ങാന്‍ ശ്രമിച്ചിട്ടും നടന്നില്ല. അപ്പോള്‍ അത് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കോടതി അനിവാര്യമാണെങ്കില്‍ ബലംപ്രയോഗിച്ച് തന്നെ ഭരണകൈമാറ്റം നടത്തണമെന്ന് നിര്‍ദേശിച്ചു. അനുരഞ്ജന ചര്‍ച്ചകള്‍ നിരവധി തവണ നടന്നു. പക്ഷേ അതുകൊണ്ടൊന്നും ഫലം കണ്ടില്ല. അതിനിടെ ജയിച്ചു വന്നയാളുകള്‍ക്കെതിരെ ദുഷ്പ്രചരണം നടത്തി. സവര്‍ണ മേധാവിത്വം വച്ചുപുലര്‍ത്തുന്നവരാണ്, കാവിവത്കരണം നടത്തും എന്ന തരത്തില്‍ പ്രചരണം നടത്തിയാണ് ഏറെ ആളുകളെ വഴിതെറ്റിച്ചത്. ശിവഗിരിക്ക് ദോഷം വരുമെന്ന ഒരു ഘട്ടത്തിലാണ് എന്ന് തോന്നുന്നു ഹൈക്കോടതി നിര്‍ദേശിച്ചതും അന്നത്തെ സര്‍ക്കാര്‍ ഭരണകൈമാറ്റത്തിന് ശ്രമിച്ചതും എന്ന് ഞാന്‍ മനസിലാക്കുന്നു.
സംഭവത്തെ കുറിച്ച് രാഷ്ട്രീയം പറയാനോ, നിയമസഭയില്‍ നടന്ന ചര്‍ച്ചകളെ കുറിച്ച് അഭിപ്രായം പറയാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ നേരില്‍ കണ്ട ചില കാര്യങ്ങള്‍ പ്രകാരം ശിവഗിരിയില്‍ ഭരണ കൈമാറ്റം നടത്താതിരിക്കാന്‍ വേണ്ടി വളരെയധികം ആളുകള്‍ ഒത്തുചേര്‍ന്നു. ഗുരുദേവ ഭക്തന്മാര്‍ മാത്രമല്ല, ശിവഗിരി മഠവുമായും ഗുരുദേവ പ്രസ്ഥാനവുമായും ഒരു ബന്ധവുമില്ലാത്ത നിരവധിയാളുകള്‍ അവിടെ ഒത്തുചേര്‍ന്നു. ശിവഗിരിക്ക് വലിയൊരു നഷ്ടം സംഭവിക്കുന്ന പ്രതീതി ഉണ്ടായി.

സന്യാസിമാരെയും ഭക്തജനങ്ങളെയും എസ്എന്‍ഡിപി യോഗ നേതാക്കന്മാരെയൊക്കെ അണിനിരത്തി. ശിവഗിരിയില്‍ ഭരണ കൈമാറ്റത്തിന് വേണ്ടി ആമീന്റെ നേതൃത്വത്തില്‍ സന്യാസിമാര്‍ ചെല്ലുമ്പോള്‍ അവരെ തടയുകയും കല്ലേറ് നടത്തുകയും മുളകുപൊടി പോലെ ഏതൊക്കെ ആയുധങ്ങള്‍ എടുത്തു എന്ന് വ്യക്തമല്ല. വലിയ ബഹളം അരങ്ങേറി. അപ്പോള്‍ ആയിരിക്കും ഇവരെ പുറത്താക്കുന്നതിന് വേണ്ടി പൊലീസ് ലാത്തിചാര്‍ജും മറ്റും നടത്തിയത് എന്ന് ഞാന്‍ വിചാരിക്കുന്നു. ശിവഗിരിയെ സ്‌നേഹിക്കുന്ന എല്ലാവരെയും വേദനിപ്പിക്കുന്ന രംഗങ്ങളാണ് അരങ്ങേറിയത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ഒരു അനിവാര്യതയിലേക്ക് ആരാണോ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കിയത് അവരാണ് തെറ്റുകാര്‍ ആയിട്ടുള്ളത്. ഞാന്‍ മനസിലാക്കുന്നത് അന്നത്തെ സര്‍ക്കാര്‍ ശിവഗിരി മഠത്തെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്.