ഇരുപത്തിയഞ്ച് കോടി തട്ടിയ കേസിൽ ആദ്യ അറസ്റ്റ് നടത്തി കൊച്ചി സൈബർ പോലീസ്.

ഇരുപത്തിയഞ്ച് കോടിയുടെ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിനിയായ യുവതി അറസ്റ്റിൽ.

കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ പരാതിക്കാരൻ ഇരുപതോളം അക്കൌണ്ടുകളിലൂടെ 25 കോടി നിക്ഷേപിച്ച് തട്ടിപ്പിനിരയാവുകയായിരുന്നു. ഇതിൽ ഒരു അക്കൌണ്ട് എറണാകുളം പാലാരിവട്ടം ഫെഡറൽ ബാങ്കിൽ ശ്രീമതി. സുജിത.ജി എന്നയാളുടെ പേരിലായിരുന്നു.

അന്വേഷണത്തിൽ പ്രസ്തുത അക്കൌണ്ടിൽ നിക്ഷേപിച്ച തുക വിദേശത്തുള്ള അക്കൌണ്ടിലേക്ക് യുവതിയുടെ സഹായത്തോടെ കടത്തുകയായിരുന്നു എന്നും, ആയതിന് ഇവർ കമ്മീഷൻ പറ്റിയിരുന്നതായും വ്യക്തമാവുകയായിരുന്നു.

ദിവസങ്ങളോളം ഇവരെ നിരീക്ഷണത്തിൽ വച്ച് സൈബർ പോലീസ് തെളിവുകൾ സഹിതം ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റിലായ സുജിതയെ കോടതി റിമാന്റ് ചെയ്‌തു . ഇവരുടെ മറ്റ് ബന്ധങ്ങളെക്കുറിച്ചും, മറ്റ് പ്രതികളെ കുറിച്ചും കൂടുതൽ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു .കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS അവർകളുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.