ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വച്ഛതാ ഹി സേവ കാമ്പയിന് ജില്ലയിൽ ഇന്ന് (2025 സെപ്റ്റംബർ 17) തുടക്കം.
കാമ്പയിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ അനധികൃത മാലിന്യ നിക്ഷേപസ്ഥലങ്ങൾ കണ്ടത്തി സമയബന്ധിതമായി ശുചിയാക്കും. ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കും. സമ്പൂർണ മാലിന്യ മുക്തമാക്കിയ പ്രദേശങ്ങളിൽ ‘സീറോ വേസ്റ്റ്’ ആഘോഷങ്ങൾ, വെളിയിട വിസർജനമുക്ത മോഡൽ (ഒഡിഎഫ് പ്ലസ്), ശുചിത്വമുള്ള നല്ല ഗ്രാമം (സ്വച്ഛ് സുചൽ ഗ്രാം) പ്രഖ്യാപനങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമിതികൾ (വേസ്റ്റ് ടൂ ആർട്ട്), ക്ലീൻ സ്ട്രീറ്റ് ഫുഡ്, പ്ലാസ്റ്റിക് മാലിന്യ വിമുക്ത കാമ്പയിൻ തുടങ്ങിയവ സംഘടിപ്പിക്കും.

സ്വച്ഛതാ പ്രവർത്തകർക്കുള്ള ആരോഗ്യ പരിശോധനയും ആരോഗ്യ സുരക്ഷാ പദ്ധതി വിവരങ്ങളു നൽകുന്നതിനായി ഏകജാലക ക്യാമ്പുകൾ നടത്തും.
പഞ്ചായത്ത് പരിധിയിലെ എല്ലാ പൊതുസ്ഥലങ്ങളും സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ശുചിയാക്കും. ജൈവ, അജൈവമാലിന്യങ്ങൾ തരംതിരിച്ചു നിക്ഷേപിക്കുന്നതിനുള്ള നീല, പച്ച നിറങ്ങളിലുള്ള ബിന്നുകൾ സ്ഥാപിക്കും. മാലിന്യത്തിൻ്റെ ഉറവിടത്തിലുള്ള തരംതിരിവ്, ഹരിതചട്ടപാലനം എന്നീ വിഷയങ്ങളിലുള്ള സന്ദേശങ്ങൾ പ്രദർശിപ്പിക്കും. ശുചിത്വോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 25 ന് ‘ഒരു ദിവസം, ഒരു മണിക്കൂർ, നൂറുശതമാനം പങ്കാളിത്തം’ (ഏക് ദിൻ ഏക് ഖണ്ഡാ ഏക് സാത്ത്) എന്ന ഒരു മണിക്കൂർ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കും.
