കപ്പലണ്ടി വിറ്റുനടന്ന കണ്ണന്‍ കോടിപതി; മൊയ്തീന്റെ ഇടപാടുകള്‍ അപ്പര്‍ക്ലാസിലെ ആളുകളുമായി;ഡിവൈഎഫ്ഐ നേതാവിന്റെ ശബ്‌ദ സന്ദേശം

സഹപ്രവർത്തക ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി വൈശാഖൻ പുറത്തായത് .പകരം വന്ന വി പി ശരത് പ്രസാദും ഇപ്പോൾ പുറത്തേക്കുള്ള വഴിയിലാണ് .

തൃശൂർ ജില്ലയിലെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയും എം എൽ എ യുമായ എ. സി. മൊയ്തീൻ മുൻ എം എൽ എയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.കെ. കണ്ണൻ തുടങ്ങിയ നേതാക്കൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്‍റെ ശബ്‌ദസന്ദേശം പുറത്തതായതോടെയാണിത്.

മുൻ മന്ത്രി എ സി മൊയ്തീൻ

തൃശ്ശുർ നഗരത്തിലെ സ്വരാജ് റൗണ്ടിൽ കപ്പലണ്ടി വിറ്റുനടന്ന കണ്ണന്‍ കോടിപതിയാണെന്നും മൊയ്തീന്റെ ഇടപാടുകള്‍ അപ്പര്‍ക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.ജില്ലാ നേതൃത്വത്തില്‍ സാമ്പത്തികമായി ആര്‍ക്കും പ്രശ്‌നമില്ല. ഒരുഘട്ടം കഴിഞ്ഞാല്‍ സിപിഎം നേതാക്കളുടെ നിലവാരം മാറുകയാണ്.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.കെ. കണ്ണൻ

സുഹൃത്തും സിപിഎം നേതാവുമായ നിബിന്‍ ശ്രീനിവാസനോട് ശരത്പ്രസാദ് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. അഞ്ചുവര്‍ഷം മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണമാണിതെന്നാണ് ശരത്പ്രസാദ് പറയുന്നത്.

മുതിര്‍ന്ന നേതാക്കള്‍ക്ക് വന്‍കിട ആളുകളുമായാണ് സാമ്പത്തിക ഇടപാടുകള്‍. ആര്‍ക്കും സാമ്പത്തികമായി പ്രശ്‌നങ്ങളില്ല. അതിനു പിന്നില്‍ വലിയതോതിലുള്ള പിരിവുകളാണ്. ഡിവൈഎഫ്‌ഐ നേതാവ് പിരിക്കുമ്പോള്‍ കിട്ടുന്ന പണമല്ല, സിപിഎം നേതൃത്വം പിരിക്കുമ്പോള്‍ കിട്ടുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ സന്ദേശത്തിലുണ്ട്.

കപ്പലണ്ടി വിറ്റുനടന്ന കണ്ണന്‍ ഇപ്പോള്‍ ഏത് നിലയിലെത്തിയെന്ന് ആലോചിക്കണം. പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന്‍റെ സ്ഥിതിയെപ്പറ്റി ചോദിക്കുമ്പോഴും വലിയ സാമ്പത്തിക സ്ഥിതിയിലാണ് എല്ലാവരും എന്ന് മറുപടി പറയുന്നുണ്ട്. അനൂപ് ഡേവിസ് കാട, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് കണ്ടംകുളത്തി എന്നിവര്‍ക്കെല്ലാം വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശരത്പ്രസാദ് പറയുന്നു.

നേരത്തേ കരുവന്നൂര്‍ സഹകരണ ബാങ്ക് കുംഭകോണ കേസില്‍ പ്രതിക്കൂട്ടിലായിരുന്ന നേതാക്കള്‍ക്കെതിരെയാണ് ഡിവൈഎഫ്‌ഐ നേതാവിന്‍റെ ശബ്ദസന്ദേശം എന്നത് ശ്രദ്ധേയമാണ്.

മൊയ്തീൻ, കണ്ണൻ, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് വിധേയമായതാണ്. ഇതെല്ലാം ശരിവെയ്ക്കുംവിധത്തിലാണ് ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശം.മൊയ്തീനും കണ്ണനും പാർടി സംസ്ഥാന സമിതി അംഗങ്ങളാണ്.

മണ്ണുത്തി ഏരിയാ കമ്മിറ്റിയില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നത് എന്ന് പറയുന്നു.

ഏതാനും വർഷങ്ങൾക്കു മുമ്പ് പറഞ്ഞ ഓഡിയോ ക്ലിപ്പ് ആണ് ടി വി ചാനലുകളിൽ വന്നതെന്നും ഇതെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും തൃശ്ശൂർ സിപിഎം ജില്ല സെക്രട്ടറി അബ്ദുൾ ഖാദർ പ്രതികരിച്ചു.

നേതാക്കളുടെ ജീവിതം സുതാര്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം അനുചിത പരാമർശമാണ് ഉണ്ടായതെന്നും വിമർശിച്ചു. ഏതു സാഹചര്യത്തിലാണ് അങ്ങനെ പറയാൻ ഇടയായി എന്ന് വിശദീകരണം ആവശ്യപ്പെടുമെന്നും ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളും പ്രതിപക്ഷവും സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണം ഒരു പാർട്ടി നേതാവ് തുറന്നു പറയുന്നത് സിപിഎമ്മിനെ വലിയ തോതിൽ പ്രതിരോധത്തിലാക്കുന്നു.