ബിനോയ് വിശ്വംതുടരും ;സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വന്‍ വെട്ടിനിരത്തല്‍.

ആലപ്പുഴയിൽ നടന്നുകൊണ്ടിരിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു . സംസ്ഥാന കൗണ്‍സിലിളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ വന്‍ വെട്ടിനിരത്തല്‍.

ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, തിരുവനന്തപുരത്തു നിന്നുള്ള മീനാങ്കല്‍ കുമാര്‍, സോളമന്‍ വെട്ടുകാട് എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ കമ്മിറ്റിയില്‍ വന്‍ വെട്ടിനിരത്തല്‍ ഉണ്ടായിട്ടുള്ളത്.

കൊല്ലത്തു നിന്നുള്ള ജി എസ് ജയലാല്‍ എംഎല്‍എയെ സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊല്ലത്തെ സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് ജയലാല്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താകുന്നത്.

സംസ്ഥാന കൗണ്‍സിലിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കാനും സംസ്ഥാന സമ്മേളനം തീരുമാനിച്ചു. 100 ആയിരുന്നത് 103 ആയിട്ടാണ് വര്‍ധിപ്പിച്ചത്. എക്സിക്യൂട്ടിവ് അംഗസംഖ്യ 15 ല്‍ നിന്നും 16 ആക്കി. എറണാകുളം ജില്ലയില്‍ നിന്നും കെ എന്‍ സുഗതന്‍ സംസ്ഥാന കൗണ്‍സിലില്‍ ഇടംനേടി.

മുൻ എംഎൽഎ ബാബുപോളിനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പി കെ രാജേഷ് കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമാകും. മിക്ക ജില്ലകളില്‍ നിന്നും നിരവധി പുതുമുഖങ്ങള്‍ സംസ്ഥാന കൗണ്‍സിലില്‍ ഇടംനേടിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടരും. കാനം രാജേന്ദ്രൻറ വിയോഗത്തെ തുടർന്ന് സെക്രട്ടറി സ്ഥാനത്തെത്തിയ ബിനോയ് വിശ്വം ഇതാദ്യമായാണ് സമ്മേളനത്തിലൂടെ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്.

സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. പ്രമുഖരായ നേതാക്കള്‍ ഇരുന്ന കസേരയില്‍ ഇരിക്കുന്ന ബിനോയ് വിശ്വത്തിന് വ്യക്തമായ നിലപാടില്ലെന്ന് പ്രധിനിധികള്‍ കുറ്റപ്പെടുത്തി.

പല സമയത്തും പല നിലപാടുകളാണ്. സെക്രട്ടറിക്ക് മൂന്നുനേരം മൂന്നു നിലപാടുകളാണെന്ന് കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഇരിക്കുന്ന കസേരയുടെ വലിപ്പം ബിനോയ് വിശ്വം മനസ്സിലാക്കണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര വകുപ്പിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു.സിപിഐ മന്ത്രിമാരുടെ പ്രവർത്തന ശൈലിയെപ്പറ്റിയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. വൈകീട്ട് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.