കേരള അർബൻ കോൺക്ലേവ് രാജ്യത്തെ മറ്റ് നഗരസഭകൾക്ക് ഒരു വഴി കാട്ടിയും, നഗരനയ വികസനത്തിന് ഒരു നാഴികക്കല്ലുമാണെന്ന് കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. കേരള അർബൻ കോൺക്ലേവ് 2025 ൻ്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിൽ വിപുലമായ ഒരു ഉദ്യമത്തിന് മുൻകൈയെടുത്ത കേരള മുഖ്യമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ദേശീയ അന്തർദേശീയ തലത്തിലുള്ള വിദഗ്ധരുടെയും പ്രതിനിധികളുടെയും പങ്കാളിത്തം കോൺക്ലേവിൽ ഉണ്ട്. ഇത് ഇവിടെ നടക്കുവാൻ പോകുന്ന ചർച്ചകളെ ആശയസമ്പന്നമാക്കും- കേന്ദ്രമന്ത്രി പറഞ്ഞു.
നിലവിൽ രാജ്യത്ത് 35 ശതമാനമാണ് നഗരപ്രദേശങ്ങൾ ഉള്ളത്. അത് 2045 പിന്നിടുമ്പോഴേക്കും 50 ശതമാനമായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരവൽക്കരണത്തിന്റെ കാര്യത്തിൽ കേരളം അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ്. ഭാവിയിൽ ലോകത്തെ ഏറ്റവും വലിയ ലീനിയർ നഗരമായി കേരളം മാറുമെന്നാണ് കാണുന്നത്.

വരും നാളുകളിൽ കേരളത്തിലെ നഗരവൽക്കരണ നിരക്ക് 95 ശതമാനം ആകുമെന്നാണ് കരുതുന്നത്. കോൺക്ലേവിലെ ആശയങ്ങളുടെ പങ്കുവെക്കൽ സമീപ ഭാവിയിൽ തന്നെ കേരളത്തിന് ഫലപ്രദമായ ഒരു നഗരനയ രൂപീകരണത്തിന് സഹായകമാകും -കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു
നഗരവൽക്കരണത്തിന് ഗതാഗതസൗകര്യങ്ങളുമായി വലിയ ബന്ധമാണ് ഉള്ളത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ രംഗത്ത് കൊച്ചി മെട്രോയും വാട്ടർ മെട്രോയും മികച്ച പ്രവർത്തനമാണ് നടത്തിവരുന്നത്. രാജ്യത്ത് ഈ രംഗത്ത് മറ്റൊരു പദ്ധതി കൂടി അവതരിപ്പിക്കപ്പെടുകയാണ് അതിവേഗ റെയിൽ ഗതാഗത സംവിധാനമായ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം. ഇത് സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുന്ന പക്ഷം കേരളത്തിലും പദ്ധതി അനുവദിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

വൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം നഗരങ്ങളിലാണ്. വിസ്തൃതിയിൽ ചെറുതാണെങ്കിലും ജനസാന്ദ്രതയിൽ കേരളം വളരെ മുന്നിലാണ്. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനത്തോളം നഗര ജനസംഖ്യയായി മാറുമെന്നാണ് വിലയിരുത്തൽ.
