എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം; ഭാര്യ നല്‍കിയ ഹര്‍ജി തള്ളി.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് നല്‍കിയ ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നുമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. അഭിഭാഷകനായ ജോണ്‍ എസ് റാഫ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അന്വേഷണസംഘം തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീര്‍ക്കുകയും ചെയ്‌തെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതിയുടെ ഫോണ്‍ കൃത്യമായി പരിശോധിച്ചില്ലെന്നും പ്രശാന്തനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയും തമ്മിലുള്ള ബന്ധം ഒരിക്കല്‍ പോലും പൊലീസ് അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി. എഡിഎം നവീന് ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വിളിക്കാതെ എത്തിയ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.