കേരളത്തിൽ വ്യാപക മഴക്കെടുതി. ഇന്ന് അഞ്ചു മരണം

കണ്ണൂർ: കണ്ണൂരിൽ മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട് മരണവും സംഭവിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടിൽ വീണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ (63) മൃതദേഹം രാവിലെ കണ്ടത് . രാത്രി വീട്ടിലേക്ക് നടന്നുപോകുമ്പോൾ വീണതാണെന്ന് കരുതുന്നു. .

പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം സംഭവിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി.

തിരുവല്ലയിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. റോഡിൽ മരം വീണ് പലയിടത്തും ഗതാഗത തടസം നേരിട്ടു. പലയിടത്തും മരങ്ങൾ കടപുഴകി വീണു. തൃശ്ശൂർ താണിക്കുടം ക്ഷേത്രത്തിൽ വെള്ളം കയറി. ആലത്തൂർ വെങ്ങന്നിയൂർ പൈപ്പ് ലൈൻ പാലം പൊളിഞ്ഞു വീണു. കോഴിക്കോട് 16 വീടുകൾ ഭാഗികമായി തകർന്നു. പമ്പയിൽ ജലനിരപ്പ് ഉയർന്നു, അരയാഞ്ഞിലിമൺ കോസ് വേ മുങ്ങി.

കനത്ത മഴയിലും കാറ്റിലും കണ്ണൂരിലും വ്യാപക നാശമുണ്ടായി. ചമ്പാട് മേഖലയിൽ രണ്ട് വീടുകളുടെ മേൽക്കൂര തകർന്നു. വൈദ്യുതി തൂണുകളും നിലം പൊത്തി. കണിച്ചാർ കല്ലടിയിൽ തെങ്ങ് വീണ് വീട് തകർന്നു. കോടിയേരിയിലും മരം വീണ് വീട് തകർന്നു. എളയാവൂരിൽ ദേശീയപാത നിർമാണ മേഖലയിൽ വീണ്ടും മണ്ണിടിഞ്ഞു. മരങ്ങൾ കടപുഴകി വീണു. കക്കാട് പുഴ കരകവിഞ്ഞതോടെ കക്കാട് മുണ്ടയാട് റോഡ് മുങ്ങി

പാലക്കാട് തിരുവേഗപ്പുറയില്‍ തൂതപ്പുഴ കരകവിഞ്ഞു. തിരുവേഗപ്പുറ പുഴയോട് ചേർന്നുള്ള പാര്‍ക്കില്‍ വെള്ളം കയറി. അട്ടപ്പാടിയിൽ ഭവാനി പുഴ കരകവിഞ്ഞു. താവളം പാലം വെള്ളത്തിനടിയിലായി. ശക്തമായ മഴയിൽ ആലത്തൂർ ഗായത്രി പുഴക്ക് കുറുകെയുള്ള വെങ്ങന്നിയൂർ പൈപ്പ് ലൈൻ പാലം പൊളിഞ്ഞു വീണു. ഒരു വർഷം മുമ്പ് പണിത പാലമാണ് പൊളിഞ്ഞത്. ചെമ്മണ്ണൂർ പാലവും വെള്ളത്തനടിയിലായി. താവളം മുള്ളി റോഡിൽ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. ആനക്കല്ലിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. ചെർപ്പുളശ്ശേരി പുത്തനാൽ കാവിനു സമീപം ഉണ്ടായിരുന്ന 10 അടിയോളം വട്ടമുള്ള പൊതുകിണർ രാവിലെ ഇടിഞ്ഞു താഴ്ന്നു. കുളപ്പുള്ളി റൂട്ടിൽ തേനൂർ കോട്ടായി റോഡ് സമീപം മരം പൊട്ടി വീണു. അട്ടപ്പാടി ചോലകാട്ടിൽ വീടിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ്‌ ഒടിഞ്ഞു വീണു. നെല്ലിയാമ്പതി പുലയമ്പാറ – സീതാർകുണ്ട് റോഡിലും വെള്ളം കയറി.