യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ തമിഴ്‌നാട് സർക്കാരിന്റെ അവാർഡ് നേടിയ നടി ഒളിവിൽ.നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞു

മലയാള സിനിമയിലെ ജനപ്രിയ താരമായ നടി ലക്ഷ്മി മേനോൻ ക്വട്ടേഷൻ സംഘത്തിനൊപ്പമെന്ന് വാർത്തകൾ .കഴിഞ്ഞ ദിവസം ഒരു ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ പ്രതിയായ നടി ലക്ഷ്മി മേനോൻ ഒളിവിലാണെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കിയത്. അതേസമയം ഇന്ന് (27 -08 -2025 ) നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഐടി ജീവനക്കാരനെ മര്‍ദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് നടി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.ലക്ഷ്മി മേനോൻ ദിലീപിന്റെ നായികയായും അഭിനയിച്ചിട്ടുണ്ട്.

ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടിയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറഞ്ഞത്. കേസിൽ നാല് പ്രതികളാണുള്ളത്. അതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊച്ചിയിൽ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത് .ഈ സംഭവത്തിൽ പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേർത്തിരുന്നു. മൂന്നാം പ്രതിയാണ് ലക്ഷ്മി. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറിൽ നടിയും ഉണ്ടായിരുന്നുഎന്നാണ് പോലീസ് നിഗമനം. അതിന്റെ അടിസ്ഥാനത്തിലാണ് നടിയെ പ്രതിചേർത്തത്.

ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾ പ്രമുഖ നടിയുടെ സുഹൃത്താണ്. മിഥുൻ, അനീഷ്, സോനമോൾ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് മൂന്ന് പേർ.

ബാനർജി റോഡിലെ ബാറിൽ വെച്ചായിരുന്നു തർക്കം നടന്നത്. അതിനു ശേഷം കാറിൽ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികൾ നോർത്ത് പാലത്തിന് സമീപം കാർ വട്ടംവെച്ച് തടയുകയായിരുന്നു.

മലയാളത്തിൽ തുടങ്ങി തമിഴിൽ സജീവമായി സിനിമകൾ ചെയ്തുവരുന്ന നടിയാണ് ലക്ഷ്മി മേനോൻ. വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. 2012-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം സുന്ദരപാണ്ഡ്യനിലൂടെ നായകനടിയായി മാറി . കുംകിഎന്ന തമിഴ് ചിത്രമാണ് ലക്ഷ്മിയെ ശ്രദ്ധേയയാക്കിയ ചിത്രം.

കുംകിയിലേയും സുന്ദരപാണ്ഡ്യനിലേയും അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.ദിലീപിനെ നായകനാക്കി ജോഷി സംവിധാനംചെയ്ത അവതാരത്തിലൂടെയാണ് നടി വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയത്. ചിത്രവും ലക്ഷ്മിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.തമിഴ് ചിത്രം ശബ്ദമാണ് നടിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.