മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് വിജിലന്‍സിനോട് ഹൈകോടതി

എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് വിജിലന്‍സിനോട് കോടതി ചോദിച്ചു. അന്വേഷണം സംബന്ധിച്ച് വിശദീകരണം നല്‍കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.

തനിക്ക് അനുകൂലമായ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.കേസില്‍ അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു. ഇക്കാര്യം വിജിലന്‍സ് വ്യക്തമാക്കണം. അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കില്‍ അത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.

കേസന്വേഷണം സംബന്ധിച്ച് വിജിലന്‍സ് സ്വീകരിച്ച നടപടിക്രമങ്ങളെല്ലാം വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതി വാങ്ങിയാണോ അന്വേഷണം നടത്തിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കണം. ചില നിയമപ്രശ്നങ്ങള്‍ കാണുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സിന്റെ വിശദീകരണം പരിശോധിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി.

വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് തനിക്ക് അനധികൃത സ്വത്ത് സമ്പാദ്യമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതെന്നായിരുന്നു എംആര്‍ അജിത് കുമാറിന്റെ വാദം. അതുകൊണ്ട് തന്നെ വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നാണ് അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നത്.