സമൂഹത്തിൽ അഴിമതിക്കാർക്കാണ് ഇപ്പോൾ ആദരം: ജി സുധാകരൻ

ആലപ്പുഴ: സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്‌സൈസ് വകുപ്പുകളിലാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍. താന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടി. ഇനി അതിനുള്ള സാധ്യതയില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇപ്പോൾ സമൂഹത്തിൽ അഴിമതിക്കാർക്ക് ആദരം കിട്ടുന്ന കാലമാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജനകീയ പരിസ്ഥിതി എൻജിനീയറായിരുന്ന ബിജു ബാലകൃഷ്ണന്‍റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു കൊണ്ട് ജി സുധാകരൻ പറഞ്ഞു

അഴിമതിക്കെതിരെ പ്രവർത്തിക്കുന്നവരെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നു. അഴിമതിക്കാർക്കെതിരെ സംസാരിക്കുമ്പോൾ പാർട്ടിവിരുദ്ധരാക്കി മാറ്റാൻ ശ്രമിക്കുന്നു. ജനങ്ങളെ സംരക്ഷിക്കേണ്ട ഫോർത്ത് എസ്റ്റേറ്റ് റബർ എസ്റ്റേറ്റായി മാറി. വികസനത്തിന് ചെലവഴിക്കുന്ന പണത്തിന്‍റെ പകുതിപോലും ജനങ്ങളിൽ എത്തുന്നില്ലെന്ന് പല പഠനങ്ങളുമുണ്ട്.

ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ കേരളത്തിലില്ല. പുതിയ ആശയങ്ങളിലൂടെ മാത്രമേ വികസനമുണ്ടാകൂ. രാഷ്ട്രീയക്കാരും ഇത് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.