കോഴിക്കോട്: പിഎസ്‍സി അംഗമാക്കുവാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടിയെടുത്ത് നേതൃത്വം. പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് 60 ലക്ഷം രൂപ കോഴയാവശ്യപ്പെട്ടെന്നും ഇതില്‍ 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് പരാതി. ജില്ലയിലെ മറ്റു ചില നേതാക്കളുമായുള്ള ബന്ധവും ഇതിനായി ഉപയോഗിച്ചെന്നും പരാതിയുണ്ട്
ആരോപണവിധേയനായ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രമോദ് കോട്ടൂളിയെ സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്. പ്രമോദ് കോട്ടൂളി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
എന്നാൽ താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും അവിഹിതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും പറഞ്ഞ പ്രമോദ്, പാര്‍ട്ടി നടപടിക്ക് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു.
പരാതിക്കാരൻ ആര്‍ക്ക് എപ്പോൾ എവിടെ വച്ച് പണം കൊടുത്തുവെന്ന് പരാതിക്കാരനും പാര്‍ട്ടിയും വ്യക്തമാക്കണം. ഈ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അമ്മയെയും കൂട്ടി പരാതിക്കാരൻ്റെ വീടിന് മുന്നിൽ സമരമിരിക്കുന്നത്. ഈ കാര്യത്തിൽ എനിക്കെൻ്റെ അമ്മയെ ബോധ്യപ്പെടുത്തണമെന്നും അതിനായാണ് താൻ പരാതിക്കാരൻ്റെ വീടിന് മുന്നിലേക്ക് സമരം നടത്തുന്നത് എന്നും പ്രമോദ് വ്യക്തമാക്കി.
കോഴിക്കോട് സിപിഎമ്മിൽ കുറച്ച് നാളുകളായി ഉണ്ടായിരിക്കുന്ന വിഭാഗീയതയാണ് കോഴ ആരോപണവും പുറത്താക്കലിനും കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
സിപിഎമ്മില്‍ നേരത്തേയും അച്ചടക്ക നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും ഉണ്ടാകാത്ത പ്രതികരണമാണ് പിഎസ്‌സി കോഴ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയില്‍ നിന്നുണ്ടായിരിക്കുന്നത്. എന്നാല്‍ ഇവിടെ താന്‍ പണം വാങ്ങിയില്ലെന്നും ആര്‍ക്കാണ് പണം നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് പ്രത്യക്ഷ സമരം നടത്തിയിരിക്കുകയാണ് പ്രമോദ്. പണം വാങ്ങിയെന്ന് പരാതി നല്‍കിയ വ്യവസായി ശ്രീജിത്തിന്റെ വീടിന് മുന്നിലാണ് പ്രമോദ് അമ്മയ്ക്കും മകനുമൊപ്പം സമരം നടത്തിയത്.
പണം നല്‍കിയത് ആര്‍ക്ക്, പണം നല്‍കിയത് എന്ന്, എത്ര പണം നല്‍കി തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിചാണ് പ്രതിഷേധം. സിപിഎം പോലും പ്രതീക്ഷിക്കാത്ത നീക്കമാണിത്. പിഎസ്‌സി കോഴ വിവാദം പറയാതെയാണ് സിപിഎം പ്രമോദിനെതിരെ നടപടിയെടുത്തിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനം, ബിജെപി നേതാവുമായുളള ബന്ധം, ആരോഗ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് തട്ടിപ്പിന് ശ്രമിക്കല്‍ തുടങ്ങിയവയിലൂടെ പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയതാണ് കുറ്റമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും പ്രതികരിക്കാതെ പിഎസ്‌സി കോഴയില്‍ വ്യക്തതയാണ് പ്രമോദ് ആവശ്യപ്പെടുന്നത്.
സിപിഎമ്മിന്റെ ഏര്യാ കമ്മറ്റിയംഗം മാത്രമായ പ്രമോദ് കോട്ടൂളിക്ക് മാത്രമായി നടത്തി കൊടുക്കാന്‍ കഴിയുന്നതല്ല പിഎസ്‌സി അംഗത്വം. അതുകൊണ്ട് തന്നെ അംഗത്വം വാങ്ങികൊടുക്കാന്‍ കഴിയുന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന് വേണ്ടിയുള്ള ഇടപാടാണ് നടന്നതെന്ന ആരോപണം ഉയരുന്നുണ്ട്