ഡൽഹി: രാജ്യത്ത് ഏഴുവർഷത്തിനിടെ അസംഘടിത മേഖലയിൽ തൊഴിൽ നഷ്ടമായത് 16.45 ലക്ഷം പേർക്കെന്ന് കണക്കുകൾ. പകുതിയോളം ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അസംഘടിത മേഖലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ വലിയ രീതിയിലുള്ള തൊഴില്‍ നഷ്ടമുണ്ടായതായി കേന്ദ്ര സ്ഥിതിവിവരണ കണക്ക് മന്ത്രാലയം പുറത്തിറക്കിയ വാർഷിക സർവ്വേ റിപ്പോർട്ട്
18 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 13 എണ്ണത്തിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് അസംഘടിത മേഖലയില്‍ തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നത്. ഒരാളുടെ മാത്രം ഉടമസ്ഥതയിലുള്ളതും പങ്കാളിത്ത സംരംഭങ്ങളും ഉള്‍പ്പെടെയുള്ള ചെറുകിട സംരംഭങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. . അനൗപചാരിക മേഖലകളായ ചെറുകിട ബിസിനസുകൾ, കച്ചവടങ്ങൾ, വഴിവാണിഭങ്ങൾ എന്നിവയിലാണ് തൊഴിൽ നഷ്ടം കൂടുതലുണ്ടായത്.
നോട്ട് നിരോധനം, കോവിഡ് പ്രതിസന്ധി, ചരക്കുസേവന നികുതി പരിഷ്കരണം എന്നിവയാണ് ഇത്രയധികം പേർക്ക് തൊഴിൽ നഷ്ടമാകാനുള്ള കാരണമായി റിപ്പോർട്ട് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തൊഴിൽ നഷ്ടത്തിൽ പഞ്ചിമബംഗാളാണ് മുന്നിൽ. 30 ലക്ഷം പേർക്ക് ജോലി നഷ്ടമായി. കർണാടകയിൽ 13ലക്ഷം പേർക്കും തമിഴ്നാട്ടിൽ 12 ലക്ഷം പേർക്കും ഉത്തർപ്രദേശിൽ 7.91 ലക്ഷം പേർക്കും ജോലിനഷ്ടമുണ്ടായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ 6.40 ലക്ഷം പേർക്ക് കഴിഞ്ഞ ഏഴുവർഷത്തിനിടെ തൊഴിൽ നഷ്ടമായെന്നും റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹിയിലാണ് ഏറ്റവുമധികം പേർക്ക് തൊഴിൽ നഷ്ടമായത്. മൂന്ന് ലക്ഷം പേർക്ക് ഡൽഹിയിൽ തൊഴിൽ നഷ്ടമുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. 2015-2016 വർഷത്തിൽ 1.6 ശതമാനമായിരുന്നു തൊഴിൽരഹിതരുടെ കണക്കെങ്കിൽ 2022-2023 എത്തിയപ്പോഴേക്കും തൊഴിൽരഹിതരുടെ എണ്ണം 10.96 ശതമാനത്തിൽ എത്തിയെന്നും റിപ്പോർട്ട് പറയുന്നു.
അതേസമയം, മഹാരാഷ്ട്ര,ഗുജറാത്ത്,ഒഡീഷാ, രാജസ്ഥാൻ എന്നിവടങ്ങളിൽ ജോലിവർധനയുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്ട്രയിൽ 24 ലക്ഷം, ഗുജറാത്തിൽ 7.62 ലക്ഷം, ഒഡീഷയിൽ 7.61 ലക്ഷം, രാജസ്ഥാൻ 7.65 ലക്ഷം എന്നിങ്ങനെ തൊഴിൽവർധന ഉണ്ടായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.