രാഹുലിനെതിരെ രാഷ്ട്രീയ വേട്ടയാടലാണെന്നും മൂന്നു മൂന്നര വര്‍ഷം മുമ്പ് നടന്നത് ഇപ്പോഴാണ് ഉന്നയിക്കുന്നതെന്ന് വി കെ ശ്രീകണ്ഠൻ എം പി

രാഹുലിനെ ന്യായീകരിച്ച് രക്ഷാപ്രവർത്തനവുമായി പാലക്കാട് എം പി ,ശ്രീകണ്ഠൻ രംഗത്ത് .യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരെ അധിക്ഷേപിക്കുകയാണ് അദ്ദേഹം.

രാഹുലിനെതിരെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത്. മൂന്നു മൂന്നര വര്‍ഷം മുമ്പ് നടന്നത് ഇപ്പോഴാണ് ഉന്നയിക്കുന്നത്. അതെന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. വെളിപ്പെടുത്തല്‍ നടത്തിയവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം പറഞ്ഞിട്ടുള്ള ആളുകള് അര്‍ധ വസ്ത്രം ധരിച്ച് നില്‍ക്കുന്നത്?. എന്താണ് അതിന്റെ പിന്നിലുള്ളത്. വി കെ ശ്രീകണ്ഠന്‍ ചോദിച്ചു.

ആരോപണം ഉന്നയിച്ച ആളുകളുടെ രീതിയും നടപ്പും മന്ത്രിമാരെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതിൻ്റെയെല്ലാം ചിത്രങ്ങളും പുറത്തു വന്നല്ലോ. അതിൻ്റെയൊക്കെ പിന്നില്‍ ആരുണ്ട് എന്നെല്ലാം അന്വേഷിക്കട്ടെ. എല്ലാം പുറത്തു വരും. പാര്‍ട്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് രാഹുല്‍ രാജിവെച്ചതെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

രാഹുല്‍ കുറ്റക്കാരനാണോ, എന്താണ് പങ്കാളിത്തം എന്നൊന്നും ഇതുവരെ അറിഞ്ഞിട്ടില്ല. പുകമറ മാത്രമാണുള്ളത്. എന്തെങ്കിലും കേള്‍ക്കുമ്പേഴേക്കും ചാടിയിറങ്ങി രാജിവെക്കണം എന്നാവശ്യപ്പെടുന്നത് സംസ്ഥാനത്തെ ഒരു പ്രവണതയാണ്. ഈ പറയുന്ന ഡിവൈഎഫ്‌ഐക്കാരും ബിജെപിക്കാരും അവരുടെയൊക്കെ ഒരുപാടുപേര്‍ പ്രതികളായപ്പോള്‍, അറസ്റ്റിലായപ്പോള്‍, ജയിലിലായപ്പോള്‍ ഒക്കെ അവരുടെ സമീപനം എന്തായിരുന്നു എന്ന് പൊതു സമൂഹത്തിന് അറിയാവുന്നതാണ്.

രാഹുലിനെതിരെയുള്ളത് രാഷ്ട്രീയമായ വേട്ടയാടലാണ്. അതിന് കൂട്ടുനില്‍ക്കാനാവില്ല. നിയമപരമായിട്ട് എന്താണ് സംവിധാനം എന്നത് കോണ്‍ഗ്രസ് സംഘടന പരിശോധിക്കുകയും വേണ്ടത് ചെയ്യുകയും ചെയ്യും. ചാറ്റുകളും വെളിപ്പെടുത്തലുകളും വരുമ്പോഴും അവരാരും പരാതി നല്‍കിയിട്ടില്ല. നാട്ടില്‍ നീതിന്യായ വ്യവസ്ഥയുണ്ട്. മറ്റൊരാളെക്കുറിച്ച് വേറെയൊരാള്‍ പരാതി കൊടുത്താന്‍ എത്രത്തോളം നിലനില്‍ക്കുമെന്ന് ആലോചിച്ചു നോക്ക്. എനിക്ക് പരാതിയുണ്ടെങ്കില്‍ ഞാന്‍ തന്നെ പരാതി കൊടുക്കണം. അതല്ലെങ്കില്‍ വക്കീലിന് വക്കാലത്ത് കൊടുക്കണം. ആ വക്കാലത്താണ് പരാതിയായി പോകുകയുള്ളൂവെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു.

ഇവിടെ അനുഭവിച്ചുവെന്ന് പറയുന്ന ഒരു വ്യക്തി പോലും, ഒരു പൊലീസ് സ്റ്റേഷനിലോ, നിയമസംവിധാനത്തിലോ ഒരു പരാതി പോലും നല്‍കിയിട്ടില്ല. ഇത്രയും പുകമറ സൃഷ്ടിച്ച് വലിയ വിവാദം ഉണ്ടാക്കിയപ്പോള്‍ തന്നെ പാര്‍ട്ടി അതിന്റെ നടപടിക്രമങ്ങളിലേക്ക് കടന്നു. ഇത്രയും പെട്ടെന്ന് ഏതു പാര്‍ട്ടിയാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗുരുതരമായ ആരോപണം ഉണ്ടായാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കോണ്‍ഗ്രസിന് അനഭിലഷണീയമായ കാര്യം ആരുടെ ഭാഗത്തു നിന്നുണ്ടായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.