സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു.

സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്. പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭൗതികശരീരം ഏഴു മണി മുതൽ സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വണ്ടിപ്പെരിയാറിലേക്കു കൊണ്ടുപോകും.. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്.

പീരുമേട്ടിലെ കര്‍ഷക പ്രശ്‌നങ്ങള്‍, തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, ഭൂപ്രശ്‌നങ്ങള്‍ എന്നിവ വിശദമായി പഠിക്കുകയും സഭയ്ക്ക് അകത്തും പുറത്തും സജീവ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു.

കന്നിമത്സരത്തില്‍ തന്നെ വാഴൂര്‍ സോമന് അസംബ്ലിയിലെത്താനായി. സ്വന്തമായി ജീപ്പ് ഓടിച്ച് വാഴൂര്‍ സോമന്‍ സഭയിലെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. ദീര്‍ഘകാലമായി സിപിഐ ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലുണ്ടായിരുന്നു.വെയർ ഹൌസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത് (റിപ്പോർട്ടർ ,മാതൃഭൂമി,കോഴിക്കോട് ).