പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്തരത്തില്‍ ഗൗരവമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്കകത്തുള്ള ഒരു നേതാവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരായാലും നടപടി സ്വീകരിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടി കര്‍ശനമായി കൈകാര്യം ചെയ്യും. മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ ഞാന്‍ തന്നെ മുന്‍കൈയെടുക്കും. ഇന്നലെയാണ് ആരോപണം ഉയര്‍ന്നത്. ഇതിന് മുന്‍പ് വരെ തനിക്കും പാര്‍ട്ടിക്കും രേഖാമൂലമുള്ള പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. മെസേജ് തെറ്റായി അയച്ചു എന്ന് ഒരു പെണ്‍കുട്ടി വന്നു പറഞ്ഞാല്‍ പിതാവ് എന്തു ചെയ്യും?. അത് ഞാന്‍ ചെയ്തിട്ടുണ്ട്. സ്വന്തം മകളാണ് പറയുന്നതെങ്കില്‍ പിതാവ് എന്തു ചെയ്യും? അത് ഞാന്‍ ചെയ്തിട്ടുണ്ട്.’- വി ഡി സതീശന്‍ പറഞ്ഞു.

‘ഉയര്‍ന്നുവന്ന ആരോപണങ്ങളെ കുറിച്ച് ഗൗരവമായി പരിശോധിക്കും. നടപടി സ്വീകരിക്കും. പാര്‍ട്ടിയുടെ മുന്‍പില്‍ ഒരു പരാതിയും വന്നിട്ടില്ല. ഇതിന് മുന്‍പ് വരെ എന്നോട് വ്യക്തിപരമായി ആരും പരാതി പറഞ്ഞിട്ടില്ല. ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. അന്തരീക്ഷത്തിലുള്ളത് പിടിച്ചെടുക്കാന്‍ കഴിയുമോ? ആളുകള്‍ എന്തെല്ലാം പറയുന്നുണ്ട്. തെറ്റ് ചെയ്യാത്തവരെ വരെ ക്രൂശിക്കാറുണ്ട്. ഗൗരവമുള്ള പരാതികള്‍ വന്നാല്‍ പരിശോധിക്കും.’- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
