രാജ്യാന്തര പദവി നേടി കണ്ണൂരിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകളെ ആകര്‍ഷിക്കാനുള്ള കണ്ണൂര്‍ വിമാനത്താവള അധികൃതരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഒമാനിലെ മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നു.
ആഗസ്റ്റ് 23വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ഇതിനുശേഷം സര്‍വീസ് ലഭ്യമല്ല എന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്. അതേസമയം സര്‍വീസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നാല്‍, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കി തുടങ്ങിയിട്ടുണ്ട്.

ഉത്തര മലബാറുകാരുടെ യാത്രാ ദുരിതത്തിന് നേരീയ ആശ്വാസം പകര്‍ന്ന് കഴിഞ്ഞ മേയ് പകുതിയിലാണ് കണ്ണൂരിലേക്ക് ആഴ്ചയിൽ മൂന്നു വീതം നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. കണ്ണൂരില്‍നിന്ന് അര്‍ധ രാത്രി 12.40ന് പുറപ്പെട്ട് പുലര്‍ച്ചെ 2.35ന് മസ്‌കത്തിലും ഇവിടെനിന്ന് പുലര്‍ച്ചെ 3.35ന് പുറപ്പെട്ട് കാലത്ത് 8.30ന് കണ്ണൂരില്‍ എത്തുന്ന തരത്തിലായിരുന്നു സര്‍വീസ് ഉണ്ടായിരുന്നത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സര്‍വീസുകള്‍. ഏറെ കൃത്യതയോടെയുള്ള സേവനവും കുറഞ്ഞ ടിക്കറ്റ് നിരക്കും കാരണം കേരളത്തിന്റെ വടക്കന്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ സര്‍വീസ്.

നിലവില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് മാത്രമാണ് മസ്‌കത്ത്-കണ്ണൂര്‍ സെക്ടറില്‍ സര്‍വീസ് നടത്തുന്നത്. ഈ സര്‍വീസ് പലപ്പോഴും റദ്ദാക്കുന്നതും വൈകലും യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നതിനാല്‍ ഇന്‍ഡിഗോ സര്‍വീസ് ആശ്വാസമായിരുന്നു. സീസണ്‍ കഴിഞ്ഞതോടെ ഒമാന്‍ സെക്ടറില്‍ യാത്രക്കാര്‍ കുറയാന്‍ സാധ്യതയുണ്ടെന്നും ഇത് മുന്നില്‍ കണ്ടാണ് സര്‍വീസ് നിര്‍ത്തുന്നത് എന്നാണ് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നത്.

നേരത്തെ ഇ പി ജയരാജനുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.തുടർന്ന് കുറച്ചുകാലം ഇ പി ജയരാജൻ ഇൻഡിഗോ വിമാനത്തിൽ കയറില്ലായിരുന്നു. ഇൻഡിഗോ വിമാനം തന്നോട് മാപ്പു പറയണമെന്ന് ഇ പി[ഐ ജയരാജൻ ആവശ്യപ്പെട്ടു. ഇപ്പോൾ പെട്ടെന്നാണ്കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നത്. എന്താണ് കാരണമെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല .
