സപ്ലൈകോയുടെ ശബരി ബ്രാന്‍ഡില്‍ അഞ്ചു പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി. ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ആദ്യ വില്പന നിര്‍വഹിച്ചു. നടി റിമ കല്ലിങ്കലിനു ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു ആദ്യ വില്പന.
അരിപ്പൊടി (പുട്ടുപൊടി, അപ്പം പൊടി ), പായസം മിക്‌സ് (സേമിയ / പാലട 200 ഗ്രാം പാക്കറ്റുകള്‍), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടന്‍ മട്ട (വടിയരി, ഉണ്ടയരി) എന്നിവയാണ് ശബരി ബ്രാന്‍ഡിലെ പുതിയ ഉത്പന്നങ്ങള്‍. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഗുണ മേന്മ ഉറപ്പാക്കികൊണ്ടാണ് സപ്ലൈകോ പുതിയ ഉത്പന്നങ്ങള്‍ എത്തിക്കുന്നത്.
കിലോയ്ക്ക് 88 രൂപ വിലയുള്ള പുട്ടുപൊടിയും അപ്പം പൊടിയും, 46 രൂപയ്ക്കാണ് സപ്ലൈകോ നല്‍കുന്നത്. പുട്ടുപൊടിയും അപ്പം പൊടിയും ചേര്‍ന്നുള്ള കോംബോ ഓഫറിന് 88 രൂപയാണ് വില.

20 രൂപ പരമാവധി വില്പന വിലയുള്ള കല്ലുപ്പ് 12 രൂപയ്ക്കും പൊടിയുപ്പ് 12.50 നും 60 രൂപ എംആര്‍പിയുള്ള പഞ്ചസാര 50 രൂപയ്ക്കും ശബരി ബ്രാന്റില്‍ ലഭ്യമാകും . സേമിയ/ പാലട പായസം മിക്‌സിന്റെ വില 200 ഗ്രാമിന് 42 രൂപയാണ്.
സപ്ലൈകോ ശബരി ബ്രാന്‍ഡില്‍ പുറത്തിറക്കിയ പാലക്കാടന്‍ മട്ട വടിയരി പത്ത് കിലോയ്ക്ക് 599 രൂപ, ഉണ്ട അരി 506 രൂപ, പാലക്കാടന്‍ മട്ട വടിയരി 5കിലോയ്ക്ക് 310രൂപ , ഉണ്ട അരി 262 രൂപ എന്നിങ്ങനെയാണ് പുതിയ ശബരി ഉത്പന്നങ്ങളുടെ വില

സപ്ലൈകോയെപ്പോലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ ഇടപെടലുകള്‍ മാര്‍ക്കറ്റില്‍ എത്തുന്ന സാധാരണക്കാരന് ഗുണം ചെയ്യുന്നതാണെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഈ ഓണക്കാലത്ത് അരി, വെളിച്ചെണ്ണ, മുളക് എന്നിവ ലഭ്യമാക്കാനും വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ പൊതുവിപണി വില കുറയ്ക്കാനും സപ്ലൈകോയുടെ ഇടപെടലിലൂടെ കഴിഞ്ഞു.
കഴിഞ്ഞമാസം 168 കോടി വിറ്റുവരവ് ലഭിച്ചതും 32 ലക്ഷം ജനങ്ങള്‍ സപ്ലൈകോയുടെ സേവനം ഉപയോഗിച്ചതും സപ്ലൈകോയെ ജനം തുടര്‍ന്നും ആശ്രയിക്കുന്നതിന്റെ ലക്ഷണമാണ്. ഈ മാസം ഇതുവരെ 21 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ വാങ്ങിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, ജനറല്‍ മാനേജര്‍ വി എം ജയകൃഷ്ണന്‍ , അഡിഷണല്‍ ജനറല്‍ മാനേജര്‍ വി കെ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിലവില്‍ ശബരി ബ്രാന്‍ഡില്‍ ചായപ്പൊടി, മസാലകള്‍, കറി പൗഡറുകള്‍, ആട്ട, പുട്ടുപൊടി, അപ്പം പൊടി, സോപ്പ്, വെളിച്ചെണ്ണ എന്നിവയാണ് വിതരണത്തിനായി എത്തിക്കുന്നത്. അമ്പതാം വാര്‍ഷികം പ്രമാണിച്ച് കൂടുതല്‍ ശബരി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കും. ഇതിന്റെ ഭാഗമായി ഗുണനിലവാരമുള്ള സണ്‍ഫ്‌ളവര്‍ ഓയില്‍, പാമോലിന്‍, ഉപ്പ്, പഞ്ചസാര, ക്ലീനിങ് ഉല്‍പ്പന്നങ്ങള്‍ (ഡിറ്റര്‍ജന്റുകള്‍, സര്‍ഫസ് ക്ലീനറുകള്‍, ഡിഷ് വാഷ്, ഹാന്‍ഡ് വാഷ്) എന്നി ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ ശബരി ബ്രാന്റില്‍ ന്യായമായ വിലയ്ക്ക് വിപണിയില്‍ എത്തിക്കും.
