വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ് ?

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ് ? ഓരോ നാട്ടിലും വിവാഹപ്രായം വ്യത്യസ്തമാണ്.ജാതി മത വിഭാഗങ്ങളിലും വിവാഹപ്രായത്തിൽ വ്യത്യസ്തമായ പ്രായമാണ്.കേരളത്തിൽ മിക്കവാറും മുസ്ലിം മത വിഭാഗത്തിലുള്ളവർ മറ്റു മതത്തിലുള്ളവരെ അപേക്ഷിച്ച് നേരത്തെ വിവാഹം കഴിക്കുന്നവരാണ്.അതേസമയം 28-നും 32-നും ഇടയിലാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട് .

ഈ പ്രായത്തിൽ വിവാഹിതരാകുന്നവർക്ക് കൂടുതൽ സുസ്ഥിരമായ ബന്ധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ കണ്ടെത്തൽ “ഗോൾഡിലോക്സ് തിയറി” എന്ന പേരിൽ അറിയപ്പെടുന്നു.വ്യക്തികൾ വളരെ തീവ്രമോ വളരെ മിതമോ അല്ലാത്ത സാഹചര്യങ്ങൾ ഇഷ്ടപ്പെടുന്ന പ്രവണതയെ വിവരിക്കുന്നു.ഇതിനെയാണ് “ഗോൾഡിലോക്സ് തിയറി” എന്ന് പറയുന്നത്.

സാൾട്ട് ലേക്ക് സിറ്റിയിലെ യൂണിവേഴ്സിറ്റി ഓഫ് യൂട്ടായിലെ സാമൂഹ്യശാസ്ത്രജ്ഞനായ നിക്കോളാസ് വോൾഫിംഗർ നടത്തിയ പഠനത്തിൽ, കൗമാരപ്രായത്തിൽ തുടങ്ങി 30-കളുടെ തുടക്കം വരെ വിവാഹപ്രായം കൂടുന്തോറും വിവാഹമോചന സാധ്യത കുറയുന്നതായി കണ്ടെത്തി. എന്നാൽ, 32 വയസ്സിന് ശേഷം വിവാഹം കഴിക്കുന്നവർക്ക് വിവാഹമോചന സാധ്യത വീണ്ടും വർധിക്കുന്നതായും അദ്ദേഹം പറയുന്നു.

ഈ പ്രായപരിധിയിൽ വിവാഹിതരാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. സാമ്പത്തിക ഭദ്രത, വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, തൊഴിലിൽ സ്ഥിരത എന്നിവ ഇതിൽ പ്രധാനമാണ്. 28-നും 32-നും ഇടയിൽ പ്രായമുള്ളവർക്ക് വ്യക്തിത്വത്തിലും ജീവിത ലക്ഷ്യങ്ങളിലും വ്യക്തമായ ധാരണയുണ്ടാകും. ഇത് പങ്കാളിയുമായുള്ള ബന്ധത്തിൽ കൂടുതൽ പൊരുത്തപ്പെടലിനും മാനസിക പക്വതയോടെ പ്രശ്‌നങ്ങളെ നേരിടാനും സഹായിക്കും.

എന്നാൽ, വിവാഹബന്ധത്തിൻ്റെ വിജയം പ്രായത്തെ മാത്രം ആശ്രയിച്ചിരിക്കുന്നില്ലെന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു. ഇമോഷണൽ മെച്യൂരിറ്റി, ആശയവിനിമയ ശേഷി, പരസ്പര ബഹുമാനം, പൊതുവായ മൂല്യങ്ങൾ എന്നിവയാണ് ഒരു ബന്ധത്തിൻ്റെ ദൃഢത നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ.

വിവാഹം കഴിക്കുന്ന പ്രായവും വിവാഹമോചന സാധ്യതയും തമ്മിലുള്ള ബന്ധം കുറഞ്ഞുവരുന്നുവെന്നാണ് ചില പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, ആളുകൾ പൊതുവെ വൈകിയാണ് വിവാഹം കഴിക്കുന്നതെന്നും, അതിനാൽ പ്രായം ഒരു നിർണായക ഘടകമല്ലാതായി മാറിയെന്നും ഈ പഠനങ്ങൾ പറയുന്നു.

എന്നിരുന്നാലും, വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയം ഒരു വ്യക്തിയുടെ സാമ്പത്തിക, മാനസിക, വൈകാരിക പക്വതയെ ആശ്രയിച്ചിരിക്കുന്നു.