ലവ് ജിഹാദ് ആരോപണം ;പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ;സിറോ മലബാർ സഭയും ബിജെപിയും ശക്തമായി രംഗത്ത്

എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനി 23കാരിയായ സോന എൽദോസ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ. ഇരുവരെയും തമിഴ് നാട്ടിലെ സേലത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്‌.

മതപരിവർത്തന പരാതിയും ഇതിൽ പാനായിക്കുളം ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിറോ മലബാർ സഭയും ബിജെപിയും ശക്തമായ രംഗത്ത് വന്നിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാർക്കെതിരെ കുറ്റം ചുമത്തിയത്. പ്രതി റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിൽ എടുക്കാത്തത് ബിജെപി അടക്കം രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു.

കേസിലെ രണ്ടും മൂന്നും പ്രതികളാണ് മാതാപിതാക്കൾ. റമീസിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഒളിവിൽ പോയവർക്കായി അന്വേഷണസംഘം തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ സേലത്ത് നിന്നും ഇരുവരെയും പിടികൂടിയത്. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും, മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

റമീസ് പിടിയിലായതിന്‌ പിന്നാലെ ഇവർ ഒളിവിൽ പോകുകയായിരുന്നു. റമീസിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. മൂന്നുപേരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. മതപരിവർത്തനം അടക്കമുള്ള ആരോപണങ്ങൾ മൂന്നുപേർക്കെതിരെയുമുണ്ട്. അതിനാൽ ഇവരുടെ ചോദ്യം ചെയ്യലും അനിവാര്യമാണ്. അന്വേഷണ പുരോഗതി അനുസരിച്ച് ഇവർക്കെതിരെ ആവശ്യമെങ്കിൽ വഞ്ചന കുറ്റം, ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും.

മരിച്ച ടിടിസി വിദ്യാർത്ഥിനിയുടെ കൂട്ടുകാരിയുടെ മൊഴിയുടെയും റമീസിന്റെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ കൂടുതൽ നടപടികളിലേക്ക് പ്രത്യേകം അന്വേഷണസംഘം കടക്കുന്നത്‌.