ദുബായി പോലീസിന്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ;എട്ട് മണിക്കൂറിനകം പ്രതികളെ പിടികൂടി

ദുബായി പോലീസിന്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ .കേവലം എട്ട് മണിക്കൂറിനകം പ്രതികളെ പിടികൂടി ലോകത്തെ അത്ഭുതപ്പെടുത്തി.വ്യാപാരിയെ കബളിപ്പിച്ച് വജ്രം തട്ടിയെടുത്ത സംഘത്തെയാണ് മണിക്കൂറുകൾക്കുള്ളിൽ ദുബൈ പോലീസ് പിടികൂടിയത് .

25 മില്യൺ ഡോളർ (ഏകദേശം 218 കോടി രൂപ) വിലമതിക്കുന്ന പിങ്ക് ഡയമണ്ട് ആണ് സംഘം തട്ടിയെടുത്തത്. വ്യാപാരി പരാതി നൽകിയതിന് പിന്നാലെ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിവിധ തരത്തിലുള്ള സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി എട്ട് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുകയും ചെയ്തു.ഇവരിൽ നിന്ന് വജ്രം കണ്ടെടുത്തു വ്യാപാരിക്ക് കൈമാറിയതായി ദുബൈ പൊലീസ് അറിയിച്ചു.

അമൂല്യമായ ഈ വജ്രം തട്ടിയെടുക്കാൻ ഒരു വർഷമാണ് പ്രതികൾ പദ്ധതിയിട്ടത്. വജ്രം വാങ്ങാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് ആദ്യം പ്രതികൾ വ്യാപാരിയെ സമീപിച്ചു. വജ്രവുമായി ഒരു ആഡംബര ഹോട്ടലിൽ എത്തണമെന്നും അവിടെ വെച്ച് പണം കൈമാറാം എന്നും പ്രതികൾ വ്യാപരിയോട് പറഞ്ഞു. വില കൂടിയ ആഡംബര കാർ വാടകയ്ക്ക് എടുത്തു പ്രതികൾ ഹോട്ടലിൽ എത്തുകയും വജ്രത്തിന്റെ വില നിശ്ചയിക്കാനായി ഈ രംഗത്ത് വളരെ പ്രശസ്തനായ ഒരു വിദഗ്ധനെയും അവർ ഒപ്പം കൂട്ടി.

വ്യാപാരിയെ വിശ്വസിപ്പിക്കാനായി വ്യാജ കരാറുകളും കൃത്രിമ രേഖകളും തട്ടിപ്പ് സംഘം തയ്യാറാക്കിയിരുന്നു. രേഖകൾ ഒറിജിനൽ ആണെന്ന് കരുതി വ്യാപാരി വജ്രം പുറത്തെടുത്തു. ഉടൻ തന്നെ പ്രതികൾ വജ്രം തട്ടിയെടുത്ത ശേഷം അവിടെ നിന്ന് രക്ഷപെടുകയായിരുന്നു.

ഉടൻ തന്നെ ദുബൈ പൊലീസിന് വ്യാപാരി പരാതി നൽകി. സാങ്കേതിക തെളിവുകൾ, സി സി ടി വി ദൃശ്യങ്ങൾ, ബാങ്ക് ഇടപാട് വിവരങ്ങൾ, ഫോൺ കോളുകളുടെ രേഖകൾ എന്നിവ പൊലീസ് പരിശോധിച്ചു പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ മറ്റൊരു രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ദുബൈ പൊലീസ് പിടികൂടുകയായിരുന്നു.

പ്രതികൾ മൂന്നു പേരും ഏഷ്യൻ പൗരന്മാരാണ്. വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന വ്യക്തികൾ കരാറുകൾ ഒപ്പിടുന്നതിന് മുമ്പ് നിയമപരമായ പരിശോധനകളും നടത്തണമെന്ന് ദുബൈ പൊലീസ് അഭ്യർത്ഥിച്ചു.