വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.
സമയ പരിധിക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ലെങ്കില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വിലയിരുത്തും, ആക്ഷേപങ്ങള്‍ അസാധുവാക്കപ്പെടും എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിലപാട് വ്യക്തമാക്കിയത്.

സാങ്കേതികമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു മണ്ഡലത്തിലെ വോട്ടറല്ലാത്ത ആരെങ്കിലും വോട്ടര്‍ പട്ടികയെ കുറിച്ച് പരാതി നല്കാന് ആഗ്രഹിക്കുമ്പോള്‍ സത്യവാങ്മൂലം ആവശ്യമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഏഴു ദിവസത്തിനുള്ളില്‍ രാഹുല്‍ ഗാന്ധി വിഷയത്തില്‍ സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ ആരോപണങ്ങള്‍ അസാധുവാക്കി കണക്കാക്കും. അങ്ങനെയങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ രാജ്യത്തോട് ക്ഷമാപണം നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു.

വോട്ടര്‍പട്ടികയെ കുറിച്ചു തെരഞ്ഞെടുപ്പ് നടപടികളെ കുറിച്ചും നിരന്തരം ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മൗനം പാലിക്കാന്‍ കഴിയില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ആക്ഷേപങ്ങള്‍ ഉന്നയിച്ച് ഒരു തെരഞ്ഞെടുപ്പ് ഹര്‍ജിയും ഫയല്‍ ചെയ്തിട്ടില്ലാത്തപ്പോള്‍, പിന്നെ എന്തിനാണ് വോട്ട് മോഷണ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ചോദിച്ചു.
