സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി പിബിയ്ക്ക് നല്‍കിയ രഹസ്യ പരാതി ചോര്‍ത്തി കോടതിയില്‍ എത്തിച്ചു. അതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രതിരോധത്തിലായി.കത്ത് ചോർന്നത് എം വി ഗോവിന്ദൻ മാസ്റ്ററുടെ മകന്റെ മകനാണെന്നാണ് ചെന്നൈയിലെ വ്യവസായി ദേശീയ ജനറൽ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നതെന്നാണ് മാധ്യ്മ വാർത്തകൾ.

ആരോപണ വിധേയന്‍ രാജേഷ് കൃഷ്ണ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ട കേസിലാണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതികൂടി ഉള്‍പ്പെടുത്തിയത്. പരാതി ചോര്‍ത്തിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനാണെന്ന ഗുരുതര ആരോപണവുമായി മുഹമ്മദ് ഷര്‍ഷാദ് വീണ്ടും ജനറല്‍ സെക്രട്ടറിയ്ക്ക് പരാതി നല്‍കി.
ചെന്നൈ വ്യവസായിയായ മുഹമ്മദ് ഷര്‍ഷാദ് 2021 ലാണ് സംസ്ഥാന മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ആരോപിച്ച് സിപിഐഎം പിബി അംഗം അശോക് ദാവ്ളയ്ക്ക് പരാതി നല്‍കിയത്. പരാതിയില്‍ തുടര്‍ നടപടികളുണ്ടായില്ലെങ്കിലും, കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടന്‍ പ്രതിനിധിയായി ആരോപണ വിധേയനായ രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തി.

ഇതിനെതിരെ പരാതിക്കാരനായ മുഹമ്മദ് ഷര്‍ഷാദ് വീണ്ടും രംഗത്തെത്തിയതോടെ പാര്‍ട്ടികോണ്‍ഗ്രസ് പ്രതിനിധി പട്ടികയില്‍ നിന്ന് രാജേഷ് കൃഷ്ണയെ ഓഴിവാക്കി. പക്ഷേ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെിരെ രാജേഷ് കൃഷ്ണ മാനനഷ്ട കേസിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് 2021 ലെ പരാതിയും ഉള്‍പ്പെടുത്തിയത്.
പരാതി ചോര്‍ത്തിയതിനെതിരെ മുഹമ്മദ് ഷര്‍ഷാദ് വീണ്ടും സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയ്ക്ക് പരാതി നല്‍കി. ഇതിലാണ് തന്റെ പരാതി ചോര്‍ത്തിയതില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനന്റെ മകനെ സംശയിക്കുന്നതായി ഗുരുതര ആരോപണം ഉള്ളത്.

അതേസമയം പരാതി ചോര്‍ന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, ജനറല്‍ സെക്രട്ടറിയോട് ചോദിക്കണമെന്നും പിബി അംഗം അശോക് ദാവ്ളെ പ്രതികരിച്ചു. സിപിഐഎം നേതൃത്വം ഔദ്യോഗികമായി വിഷയിത്തില്‍ പ്രതികരിച്ചിട്ടില്ല. മാനനഷ്ട കേസുമായി ബന്ധമില്ലാതിരുന്നിട്ടും മുഹമ്മദ് ഷര്‍ഷാദിന്റെ കത്ത് ചോര്‍ത്തി ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയ രാജേഷ് കൃഷ്ണയുടെ ലക്ഷ്യവും വ്യക്തമല്ല.
