അമ്മ പ്രസിഡന്റ് ശ്വേത മേനോൻ.സെക്രട്ടറി കുക്കു പരമേശ്വരൻ;ഇനി അമ്മയെ നാലു പെണ്മക്കൾ നയിക്കും

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. . വൈസ് പ്രസിഡന്റ് സ്ഥാനത്ത് ലക്ഷ്‌മി പ്രിയ ജയിച്ചു . വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ശ്വേതയും കുക്കുവും ലീഡ് ചെയ്യുന്നുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അൻസിബ ഹസൻ

അമ്മക്ക് ആൺമക്കളേ ഉള്ളൂ?, പെൺമക്കളില്ലേ?’ എന്ന ചോദ്യം ഉയർന്നിട്ട് അധികകാലം ആയില്ല. സ്ത്രീകളായ അംഗങ്ങളുടെ വിഷമങ്ങൾ കേൾക്കാനും പരിഹാരം കണ്ടെത്താനും ‘അമ്മ’ പിന്നിലാണ് എന്ന ആക്ഷേപം വാർത്തകളിൽ ദിവസങ്ങളോളം നിറഞ്ഞു നിന്നിരുന്ന കാലം.

ലക്ഷ്‌മി പ്രിയ

അന്ന് അമ്മയുടെ പ്രധാനഭാരവാഹികളിൽ സ്ത്രീസാന്നിധ്യമില്ലേ എന്ന പി.കെ. ശ്രീമതിയുടെ ചോദ്യത്തിന് ഇതാ ഒരുവർഷം പിന്നിടുമ്പോൾ ഉത്തരമാകുന്നു. ഒന്നല്ല, നാല് പെണ്ണുങ്ങളാണ് അമ്മയുടെ താക്കോൽസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വനിതയായ അൻസിബ ഹസൻ എത്തിച്ചേർന്നത് എതിരില്ലാതെ.

ഉണ്ണി ശിവപാൽ

പ്രസിഡന്റ് സ്ഥാനത്തേക്ക് രാഷ്ട്രീയ നേതാവ് കൂടിയായ ദേവനെ പിന്നിലാക്കിയാണ് ശ്വേതാ മേനോന്റെ വിജയം. അവസാന നിമിഷം ശ്വേത നേരിട്ട തേജോവധം വേറെ. അവരുടെ മുൻകാല ചിത്രങ്ങളിലെ ഗ്ലാമർ രംഗങ്ങളെ അശ്ലീലം എന്ന് ലേബൽ ഒട്ടിച്ച് കൊണ്ടുവന്ന കേസ് തലപൊക്കുമ്പോൾ, തെരഞ്ഞെടുപ്പ് വാതിൽപ്പടിയിൽ എത്തിയിരുന്നു.

ശ്വേത അതും കടന്നു വിജയത്തേരിലേറി. ഹേമ കമ്മറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് പിന്നാലെ പിരിച്ചുവിട്ട അമ്മ സംഘടനയിൽ ഒരു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, മോഹൻലാൽ ഏറ്റെടുത്ത പ്രസിഡന്റ് കുപ്പായം അണിയാൻ ഒരു വനിത വേണമെന്ന ആഗ്രഹം തുടക്കം മുതലേ ഉയർന്നു കേട്ടിരുന്നു. ജഗദീഷ് സാധ്യതയുള്ള മത്സരാർത്ഥിയായിട്ടും അദ്ദേഹവും ആ അഭിപ്രായം മാനിച്ച് സ്വമേധയാ പിൻവാങ്ങിയിരുന്നു.

കുക്കു പരമേശ്വരനായിരുന്നു വാർത്താ ചർച്ചകളിൽ ഇടം നേടിയ മറ്റൊരു താരം. ഹേമ കമ്മറ്റി റിപ്പോർട്ടിലേക്കുള്ള മൊഴികൾ റെക്കോർഡ് ചെയ്ത ഡ്രൈവ് കുക്കുവിന്റെ പക്കലുണ്ടെന്നും, അതവർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് എന്നും ആരോപിച്ചു കൊണ്ട് പൊന്നമ്മ ബാബു രംഗത്തെത്തി. ഒടുവിൽ, ഡി.ജി.പിക്ക് മുൻപാകെ പരാതി നൽകിയാണ് കുക്കു പരമേശ്വരൻ പ്രതികരിച്ചത്.