‘ഇടതിനെയും ഇരട്ട ചങ്കനെയും’ പുകഴ്ത്തി എറണാകുളം ജനറൽ ആശുപത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത വീഡിയോ എ ടി.ജെ. വിനോദ് എംഎൽ എയുടെ പ്രതിഷേധത്തെ തുടർന്നു പിൻവലിച്ചു.
എറണാകുളം ജനറൽ ആശുപത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പങ്കുവച്ച ഒരു വിഡിയോയിൽ തുറന്ന രാഷ്ട്രീയ പരാമർശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളും ജനോപകാര പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സോഷ്യൽ മീഡിയ പ്രചാരണങ്ങൾ നല്ലതാണ്. എന്നാൽ, രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രസ്താവനകൾ ഉൾപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകൾ ഔദ്യോഗിക പേജിൽ പങ്കുവയ്ക്കുന്നത് അംഗീകരിക്കാനാവില്ല.
പ്രസ്തുത വിഡിയോയിൽ ‘സർക്കാരിനെതിരെ നെഗറ്റീവ് പ്രചാരണം കണ്ട് ഇടത് പാർട്ടിക്ക് വോട്ടു ചെയ്യാതിരിക്കാമെന്ന് കരുതിയിരുന്നെങ്കിലും ജനറൽ ആശുപത്രിയിലെ മാറ്റങ്ങൾ കണ്ടപ്പോൾ നിലപാട് മാറ്റി’ എന്ന പരാമർശവും, ‘എല്ലാ വികസനത്തിനും ചുക്കാൻ പിടിച്ച ഇടതിനും ഇരട്ടച്ചങ്കനും ബിഗ് സല്യൂട്ട്’ എന്ന അവതാരകയുടെ വാക്കുകളും വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ആണ്.

സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ ജനകീയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, ഇടതുപക്ഷത്തിനുവേണ്ടിയുള്ള ഒരു പ്രചാരണ വിഡിയോ ആശുപത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പങ്കുവച്ചത് ഉചിതമായ കാര്യമല്ലെന്ന് എറണാകുളം എം.എൽ.എ. ടി. ജെ. വിനോദ് വ്യക്തമാക്കി.

ജനറൽ ആശുപത്രിയുടെ വികസനത്തിനായി എം.എൽ.എ. ഫണ്ട്, എം.പി. ഫണ്ട്, സിഎസ്ആർ ഫണ്ട്, എച്ച്ഡിഎസ് ഫണ്ട് തുടങ്ങിയവ വഴി കോടികൾ ചെലവഴിച്ച് നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഡയാലിസിസ് കേന്ദ്രം, മോർച്ചറി, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണ സംവിധാനം തുടങ്ങിയവ സർക്കാർ നേരിട്ട് അനുവദിക്കുന്ന ധനസഹായത്തേക്കാൾ പല മടങ്ങ് കൂടുതലുള്ള സംഭാവനകളിലൂടെ സജ്ജീകരിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും, ഈ സംഭാവനകൾ മനഃപൂർവ്വം മറച്ചു വച്ച് എല്ലാ വികസനങ്ങളും ‘ഇടതിന്റെയും ഇരട്ടച്ചങ്കന്റെയും’ നേട്ടമായി ചിത്രീകരിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിക്കാർ ഏറെ സ്‌നേഹിക്കുന്ന ജനറൽ ആശുപത്രിയുടെ ഭാവി വികസനത്തിനും സേവന മെച്ചപ്പെടുത്തലിനും വേണ്ടിയുള്ള പിന്തുണ തുടർന്നും ശക്തമായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി