വെണ്ണല ഗവ.ഹൈസ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക് എച്ച്1എൻ1..സ്‌കൂൾ താല്‍ക്കാലികമായി അടച്ചു.

എറണാകുളം വെണ്ണല ഗവൺമെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക് H1N1 സ്ഥിരീകരിച്ചു. 14 ഓളം വിദ്യാർത്ഥികൾക്ക് പനിയും പിടിപെട്ടിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദേശത്തെ തുടർന്ന് സ്കൂൾ അടച്ചു പൂട്ടി.നാളെ മുതൽ ഓൺലൈൻ ക്ലാസുകളാണ് നടത്തുകയെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു

നേരത്തെ വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് അടച്ചിരുന്നു. പല വിദ്യാർഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ക്യാമ്പസ് അടച്ചത്.

പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇതു പകരുന്നത്. അസുഖബാധിതനായ ആളിൽ നിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നു. പന്നി, പക്ഷികൾ എന്നിവയിൽ നിന്നുള്ള വൈറസുകളുടെ സംയോജനമാണ് ഈ വൈറസ്.

എച്ച്1എൻ1 (H1N1) എന്നത് ഒരുതരം ഇൻഫ്ലുവൻസ വൈറസാണ്, സാധാരണയായി “പന്നിപ്പനി” എന്ന് അറിയപ്പെടുന്നു. ഇത് മനുഷ്യരിലേക്ക് പകരാവുന്നതും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നതുമാണ്.