ഇന്ത്യൻ കോഫി ഹൌസ് അടച്ചു പൂട്ടലിന്റെ വക്കിൽ .ഒരുകാലത്ത് പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചിരുന്ന കമ്യുണിസ്റ്റ് നേതാവും സിപിഎമ്മിന്റെ സ്ഥാപക നേതാവുമായ എ കെ ജി സ്ഥാപിച്ച ഇന്ത്യൻ കോഫി ഹൌസ് അദ്ദേഹത്തിന്റെ പാർട്ടി ഭരിക്കുന്ന കാലത്ത് ചരമമടയാൻ പോകുകയാണ്.എ കെ ജി സ്ഥാപിച്ച സഹകരണ സ്ഥാപനം സിപിഎമ്മിന്റെ പുതിയ തലമുറയുടെ പ്രതീകമായ രാജീവിന്റെ കാലത്ത് അടച്ചു പൂട്ടാൻ പോവുന്നു.

1958 ൽ തൃശൂരിലാണ് കേരളത്തിലെ ആദ്യ കോഫീ ഹൗസ് നിലവിൽ വന്നത് .എ കെ ഗോപാലൻ എന്ന എ കെ ജി 1958-ൽ തൃശൂരിൽ രൂപം നൽകിയ ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷൻ എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്ത്യൻ കോഫീ ഹൗസ് ശൃംഖല നടത്തുന്നത്.
1964 ലാണ് എ കെ ജിയും ഇ എം എസും സിപിഎം എന്ന പാർട്ടിക്ക് രൂപം നൽകിയത്.ആ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇടതു മുന്നണി കേരളം ഭരിക്കുന്ന കാലത്താണ് ഇന്ത്യൻ കോഫി ഹൌസ് അടച്ചു പൂട്ടാൻ നിർബന്ധിതമാവുന്നത്.വ്യവസായ വകുപ്പിന്റെ ഉദാസീനതയാണ് ഇന്ത്യൻ കോഫി ഹൌസിനെ പ്രതിസന്ധിയിലാക്കിയതെന്നാണ് ഇന്ത്യൻ കോഫി ഹൌസിലെ ചിലർ ഗ്രീൻ കേരള ന്യൂസിനോട് വ്യക്തമാക്കിയത്.മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവും സിപിഎം നേതാക്കളായിട്ടും പോലും സഹകരണ സ്ഥാപനമായ കോഫി ഹൌസിനു സഹകരണം ലഭിക്കുന്നില്ലെന്നാണ് പരാതി.

തൃശൂർ മുതൽ തെക്കോട്ടുള്ള ഇന്ത്യൻ കോഫി ഹൌസുകളിൽ അടിയന്തരമായി അഞ്ഞൂറോളം ജീവനക്കാരെ വേണം.മൂന്നുവർഷമായി വ്യവസായ വകുപ്പിൽ നിന്നും ഒഴിവുകൾ നികത്താൻ അനുമതി ലഭിക്കുന്നില്ല.വ്യവസായ സൗഹൃദം പറയുന്ന വ്യവസായ വകുപ്പിനു ഇക്കാര്യത്തിൽ സൗഹൃദമില്ല എന്നാണ് പരാതി .വ്യവസായ വകുപ്പിന്റെ കീഴിലുള്ള സഹകരണ സംഘം ആയതിനാൽ ഡയറക്ടറാണ് രജിസ്ട്രാർ.തൊഴിലാളികളുടെ ക്ഷാമം മൂലം കഴിഞ്ഞ വർഷങ്ങളിൽ പതിനാലു കോഫി ഹൌസ് ബ്രാഞ്ചുകൾ അടച്ചു പൂട്ടേണ്ടി വന്ന ദുര്യോഗം നേരിട്ടു .
രണ്ടര കോടി രൂപ കോഫി ഹൌസ് ഇപ്പോൾ നഷ്ടം നേരിടുന്നുണ്ട്.നിയമസഭാ സമ്മേളനം നടക്കുമ്പോൾ എം എൽ എ മാർക്കും മറ്റും വേണ്ടി കുറഞ്ഞ നിരക്കിൽ എംഎൽഎ ക്വർട്ടേഴ്‌സിൽ പ്രവർത്തിക്കുന്ന ഇനി തുടരാൻ നിർവ്വാഹമില്ലെന്ന് നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുകയാണ്.

സെക്രട്ടറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസുകളിലേക്കും മന്ത്രി സഭ യോഗത്തിലേക്കും കുറഞ്ഞ നിരക്കിൽ കാപ്പിയും മറ്റു വിഭാങ്ങളും കൊടുക്കുന്ന ഇന്ത്യ കോഫി ബോർഡ് വർക്കേഴ്‌സ് സൊസൈറ്റിക്കാണ് ഈ ഗതികേട് ഉണ്ടായിരിക്കുന്നതെന്നാണ് ആക്ഷേപം.
2017 ൽ കാരണമില്ലാതെ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയെങ്കിലും ഹൈക്കോടതി അത് റദ്ദാക്കി ഭരണം തിരികെ സൊസൈറ്റിക്ക് നൽകി.തൃശൂരിനു വടക്കോട്ട് കോഫി ഹൌസുകൾ നടത്തുന്നത് കണ്ണൂർ ആസ്ഥാനമായ സിഐടിയു സൊസൈറ്റിയാണ് .അവിടെ ഒഴിവുകൾ നികത്താൻ തടസമില്ലെന്ന് ഒരു ജീവനക്കാരൻ പറഞ്ഞു.

നേരത്തെ 59 ബ്രാഞ്ചുകളും 2300 ജീവനക്കാരുമുണ്ടായിരുന്ന ഇടത്ത് നിലവിൽ 45 ബ്രാഞ്ചുകളും 1450 ജീവനക്കാരുമാണ് വർഷം 8000 കിലോഗ്രാമ കാപ്പിക്കുരുവിനു 17 ലക്ഷം രൂപ വേണ്ടയിടത്ത് ഇപ്പോൾ 49 ലക്ഷമായിരിക്കുകയാണ്.
ദിവസവും 35 ലക്ഷം കളക്ഷൻ ഉണ്ടായിരുന്ന സ്ഥാനത്തിപ്പോൾ ബ്രാഞ്ചുകൾ പൂട്ടിയതിനാൽ 29 ലക്ഷമായി കുറഞ്ഞു.വാർഷിക വിറ്റുവരവ് 120 കോടിയിൽ താഴെയാണ്.വിറ്റുവരവ് 140 കൂടിയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്നാണ് കോഫി ഹൌസിലെ ഒരു ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത്.കോഫി ഹൌസുകൾ ബോധപൂർവം പൂട്ടിക്കുന്നുയെന്നും ആക്ഷേപമുണ്ട്.
