രാജ്യതാത്പര്യത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് ട്രംപിനു മറുപടിയുമായി പ്രധാനമന്ത്രി

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യതാത്പര്യത്തിന് ഇന്ത്യ മുൻഗണന നൽകുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കർഷകരുടെയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെയും താത്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അറിയിച്ചു.

രാജ്യത്തെ കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ എന്ത് വില കൊടുക്കാനും തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ നടന്ന എം എസ് സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

കർഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഇന്ത്യയിലെ കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളിൽ രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാൻ തയ്യാറാണ്. രാജ്യത്തെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കന്നുകാലി വളർത്തുന്നവർക്കും വേണ്ടി ഇന്ത്യയും തയ്യാറാണ്- മോദി വ്യക്തമാക്കി.

റഷ്യയിൽനിന്ന് എണ്ണ വാങ്ങി യുക്രെയ്ൻ യുദ്ധത്തിന് സഹായധനം നൽകുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവിൽ ഡോണൾഡ് ട്രംപ് ബുധനാഴ്ച ഒപ്പിട്ടിരുന്നു. ഓഗസ്റ്റ് 1ന് പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം കൂടിച്ചേർത്ത് ഇന്ത്യൻ ചരക്കുകൾക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയർന്നു. പകരച്ചുങ്കം വ്യാഴാഴ്ചയും അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തിൽവരും. റഷ്യൻ എണ്ണയുടെ കാര്യത്തിൽ സമവായമുണ്ടാക്കുന്നതിനുവേണ്ടിയാണ് 21 ദിവസത്തെ സമയം.

അതേസമയം, ട്രംപിന്റെ നടപടിയെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. ട്രംപിന്റെ നടപടി അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ ഊർജ ഇറക്കുമതി വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയും ഊർജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെയുമാണ്. അതുകൊണ്ടു തന്നെ യുഎസ് നടപടി അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.സമീപകാലത്ത്, റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ യുഎസ് ലക്ഷ്യംവെക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു