ചന്ദനം കടത്ത് വാട്ടർ അതോറിറ്റിയുടെ വാഹനത്തിൽ; അഞ്ചു പേർ പിടിയിൽ

വാട്ടർ അതോറിറ്റിയുടെ കരാർ വാഹനത്തിൽ ചന്ദനം കടത്തിയ കേസിൽ അഞ്ചുപേർ പിടിയിൽ. ഏതാണ്ട് 30 ലക്ഷം രൂപ വില വരുന്ന ചന്ദന മുട്ടികൾ കോഴിക്കോട് മലാപ്പറമ്പിൽ വച്ചാണ് പിടികൂടിയത്. വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. 40 കിലോ വരുന്ന 10 ചന്ദനമുട്ടികൾ കാറിന്റെ ഡിക്കിയിൽ നിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

മലാപ്പറമ്പിലെ വാട്ടർ അതോറിറ്റി ഓഫീസ് വളപ്പിന് മുൻവശത്ത് നിറുത്തിയ നിലയിലായിരുന്നു വാഹനം. പ്രതികളായ കാർ ഡ്രൈവർ ശ്യാമപ്രസാദ് , നൗഫൽ നല്ലളം , ഷാജുദ്ദീൻ ഒളവണ്ണ, അനിൽ സി.ടി , മണി പി എം എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. കാറും തൊണ്ടിമുതലും മാത്തോട്ടം വനംവകുപ്പ് കാര്യാലയത്തിൽ എത്തിച്ചിട്ടുണ്ട് . 4 വർഷമായി ഈ കാറിന്റെ ഡ്രൈവറാണ് പ്രതികളിലൊരാളായ ശ്യാമപ്രസാദ്.

ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ മറ്റൊരിടത്തു നിന്നും ചന്ദനമുട്ടികൾ വനംവകുപ്പ് കണ്ടെടുത്തിട്ടുണ്ട്. ബാലുശേരി സ്വദേശി ടി.സി അതുൽഷാജി, കല്ലാനോട് സ്വദേശി ഒ.വി വിഷ്ണു എന്നിവരെയാണ് ചെത്തി മിനുക്കിയ 25 കിലോ ചന്ദനവുമായി പിടികൂടിയത്. ചന്ദനം കടത്താൻ ഉപയോഗിച്ച രണ്ട് ഇരുചക്രവാഹനങ്ങളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു