അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയില്ല ;ജാമ്യാപേക്ഷ കോടതി പരി​ഗണിച്ചില്ല

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയില്ല. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുർഗ് സെഷൻസ് കോടതി പരിഗണിച്ചില്ല. കേസ് പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശം നൽകി.

ജാമ്യാപേക്ഷ പരി​ഗണിക്കാതിരുന്ന സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇത്തരം കേസുകൾ പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിയോട് ചേർന്നുള്ള എൻഐഎ കോടതിയ്ക്കാണെന്ന് സെഷൻസ് കോടതി വ്യക്തമാക്കി. അഞ്ച് ദിവസം മുൻപാണ് മലയാളികളായ രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായത്.

അതേസമയം, കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യവുമായി ബജ്രംഗ്ദൾ പ്രവർത്തകർ കോടതിയ്ക്ക് മുമ്പിൽ തടിച്ചുകൂടിയിരുന്നു. ഛത്തീസ്ഗഡ് സെഷൻസ് കോടതി ഇന്ന് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ എത്തിച്ചേർന്നത്.

ബജ്രംഗ്ദൾ നേതാവ് ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രംഗ്ദൾ പ്രവർത്തകർ അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്നാണ് ഇവരുടെ ആവശ്യം.

ഏകാധിപത്യരീതിയിലാണ് ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ പെരുമാറുന്നത്. പ്രതിനിധി സംഘങ്ങളെ കാണാൻ കന്യാസ്ത്രീമാരെ അനുവദിക്കുന്നില്ലായെന്നും ക്രിസ്മസ് അടുക്കുമ്പോൾ കേക്കുമായി ചെന്ന് ചില തട്ടിപ്പുകൾ ബിജെപിക്കാർ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയാവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ഇന്നും തള്ളി. ബഹളത്തെ തുടർന്ന് രാജ്യസഭ 12 മണി വരെ നിർത്തിവച്ചിരുന്നു..കന്യാസ്ത്രീകളെ അന്യായമായാണ് തടങ്കലിൽ വെച്ചിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് എംപിമാർ തുടർച്ചയായ മൂന്നാം ദിവസവും രാജ്യസഭയിൽ നോട്ടീസ് നൽകുന്നത്. നോട്ടീസുകൾ പരിഗണിക്കുന്ന വേളയിൽ തന്നെ അത് ചർച്ചക്ക് യോഗ്യമല്ലെന്ന് പറഞ്ഞ് ചെയർമാൻ തള്ളുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇത് തന്നെയായിരുന്നു സാഹചര്യം.