നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കും;മോചനത്തിന് വേണ്ടിയുള്ള ചർച്ചകൾ തുടരുന്നുമെന്ന് കാന്തപുരം

യെമന്‍ ജയിലില്‍ കൊലപാതക കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്നും തുടര്‍നടപടികള്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാറുറെ ഓഫീസ് അറിയിച്ചു. അതോടെ നിമിഷപ്രിയയുടെ കുടുംബത്തിനു ആശ്വാസമായി.

യെമനില്‍ തരീമില്‍നിന്നുള്ള പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഫഫിള് നിയോഗിച്ച യെമന്‍ പണ്ഡിത സംഘത്തിനു പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനമുണ്ടായതെന്ന് എ.പി.അബൂബക്കര്‍ മുസല്യാരുടെ ഓഫിസ് അറിയിച്ചു. നേരത്തെ നീട്ടിവെച്ച വധശിക്ഷയാണ് പൂര്‍ണമായും ഒഴിവായതായി പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ശിക്ഷ സംബന്ധിച്ച മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക. വധശിക്ഷ ഒഴിവാക്കാന്‍ ധാരണയായെങ്കിലും അന്തിമ തീരുമാനത്തിനായി ചര്‍ച്ചകള്‍ തുടരും. ഈ മാസം 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് 15ന് താല്‍ക്കാലികമായി നീട്ടിവെച്ചിരുന്നു.

കാന്തപുരത്തിന്റെ സുഹൃത്തായ പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഫഫിളിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂറിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ ചര്‍ച്ചകള്‍. യെമന്‍ ഭരണകൂടത്തിന്റെ പ്രതിനിധികള്‍, സനായിലെ ജിനായത്ത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്രത്തലവന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമന്‍ ശൂറാ കൗണ്‍സില്‍ അംഗവുമായ ജസ്റ്റിസ് മുഹമ്മദ് ബിന്‍ അമീന്‍ ഷെയ്ഖും ഹബീബ് ഉമറിന്റെ നിര്‍ദേശപ്രകാരം അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.അതേ സമയം ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്നും അറിയിപ്പുകൾ കിട്ടിയിട്ടില്ല.