പാർലിമെന്റ് മൺസൂൺ സമ്മേളനം പ്രതിപക്ഷ ബഹളത്തോടെ തുടങ്ങി;ലോക്‌സഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു.

പാർലിമെന്റ് മൺസൂൺ സമ്മേളനം പ്രതിപക്ഷ ബഹളത്തോടെ തുടങ്ങി .ആദ്യ ദിവസം തന്നെ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയതിനെ ലോകസഭ സ്‌പീക്കർ വിമർശിച്ചു.പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും ആ സമയത്ത് നടന്ന സംഭവങ്ങളെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി ; സർക്കാരിന്റെ വിദേശനയത്തെയും പ്രതിപക്ഷം ചോദ്യം ചെയ്‌തു . പ്രത്യേകിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിക്കുന്നതിനെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പരാമർശങ്ങൾ.

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചതിനെത്തുടർന്ന് ലോക്‌സഭയും രാജ്യസഭയും രാവിലെ അൽപ്പനേരം നിർത്തിവച്ചു. ഭീകരാക്രമണത്തിന്റെ കുറ്റവാളികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്ന് സർക്കാരിനെ വിമർശിച്ച അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടു.

വിഷയങ്ങളെക്കുറിച്ചുള്ള ഏത് ചർച്ചയ്ക്കും സർക്കാർ തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ രാജ്യസഭയിൽ പറഞ്ഞു.

മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിൽ, ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെ എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് സർക്കാർ ഉറപ്പു കൊടുത്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രതികരിക്കണമെന്നും ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ സമാധാനം സ്ഥാപിക്കാൻ താൻ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.ഒപ്പം ബീഹാറിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (SIR) വും ചർച്ച ചെയ്യണം.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഓപ്പറേഷന്‍ സിന്ദൂറിലെ സൈനികരുടെ വിജയത്തിന്റെ ആഘോഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.വര്‍ഷ കാല സമ്മേളനത്തിന് മുന്‍പ് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ ഇന്ത്യയുടെ ശക്തി കണ്ടതായും ഈ വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും ഐക്യത്തിന് ആഹ്വാനം ചെയ്തതായും മോദി വ്യക്തമാക്കി 2026 ഓടെ ‘നക്‌സലിസ രഹിത’ രാജ്യം എന്ന സര്‍ക്കാരിന്റെ ലക്ഷ്യം വരെയുള്ള നിരവധി വിഷയങ്ങള്‍ പരാമര്‍ശിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനവും വിജയമായിരുന്നുവെന്ന് പറഞ്ഞ മോദി, ഇതിന് വേണ്ടി പരിശ്രമിച്ച സായുധ സേനയെ പ്രശംസിച്ചു. ‘ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം രാജ്യത്ത് ഐക്യം കണ്ടുവെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ പാര്‍ലമെന്റിലും നേതാക്കള്‍ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.