കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 25 മുതല്‍ 31 വരെ ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ട് പരിശോധന നടത്തും. ഇതു നിരീക്ഷിക്കാനായി വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചൊവ്വാഴ്ച (നാളെ ) തിരുവനന്തപുരം ശിക്ഷക് സദനില്‍ രാവിലെ 9.30 ന് ചേരും. യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ സംബന്ധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 13 ന് മുന്നൊരുക്കങ്ങള്‍ക്ക് മുന്നോടിയായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും. 40 ഓളം നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേകം നിര്‍ദേശിച്ചിട്ടുള്ളതാണ്. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി ലൈന്‍ പോകാന്‍ പാടില്ല എന്നതടക്കം വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്.

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹെഡ് മാസ്റ്ററെ മാത്രം ബലിയാടാക്കി എന്ന ആക്ഷേപം ശരിയല്ല. എഇ, മാനേജ്‌മെന്റ് തുടങ്ങിയവയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മിഥുന്റെ കുടുംബത്തെ സഹായിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം സ്‌കൂള്‍ മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ നല്‍കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. ആ കുടുംബത്തിന്റെ അവസ്ഥ കണ്ടാല്‍ ഇതൊന്നും ഒരു സഹായമല്ല. മിഥുന്റെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും സ്‌കൂളില്‍ ജോലി നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

മിഥുന്റെ വീട് കണ്ടാല്‍ വളരെ ദയനീയമാണ്. ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചു മറച്ച വീടാണത്. മിഥുന്റെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ജോലി നല്‍കിയാല്‍ ആ കുടുംബത്തിന് ാെരു വാരുമാനമാകും. സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ 20 ലക്ഷം രൂപയില്‍ താഴെ വരുന്ന നിലയില്‍ ഒരു വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മിഥുന്റെ വീട്ടിലും സ്‌കൂളിലും താന്‍ പോയിരുന്നു. മരണവീട്ടില്‍ പോയവരെ തടഞ്ഞ ചില രാഷ്ട്രീയ സംഘടനകളുടെ പ്രവൃത്തി അംഗീകരിക്കാവുന്നതല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്‌കൂളുകളിലെ സുരക്ഷാ പരിശോധനയെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഓഗസ്റ്റ് 12 ന് രാവിലെ 10 ന് ശിക്ഷക് സദനില്‍ വീണ്ടും വിദ്യാഭ്യാസ വകുപ്പിലെ ഉന്നതതല യോഗം ചേരും. സംസ്ഥാന തല സുരക്ഷാ ഓഡിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. എയ്ഡഡ് സ്‌കൂളുകളിലും പരിശോധന നടത്തും. അണ്‍ എയ്ഡഡ് സ്‌കൂളുകളിലും തുടര്‍ന്ന് പരിശോധന നടത്തുന്നുണ്ട്. ചിലയിടത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വാടകയ്‌ക്കെടുത്ത് ഭീമമായ ഫീസും വാങ്ങി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇത് അനുവദിച്ചു കൊടുക്കാനാകില്ല. കുട്ടികളുടെ ജീവന്‍ വെച്ച് പന്താടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. മിഥുന്റെ മരണത്തില്‍ വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.