ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ ഭർത്താവിൽനിന്നുമുള്ള പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തൽ:

കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അതുല്യ ഭർത്താവിൽനിന്നുമുള്ള പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തൽ. 18-ാമത്തെ വയസിലാണ് അതുല്യയുടെ വിവാഹം കഴിഞ്ഞത്. അതിനുശേഷം പിന്നീട് പ്രശ്നങ്ങളായിരുന്നു. സതീഷിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും സുഹൃത്ത് പറഞ്ഞു.

അതുല്യയും സതീഷും തമ്മിൽ പ്രായവ്യത്യാസമുണ്ട്. അതിന്‍റെ ഈഗോ സതീഷിനുണ്ടെന്ന് അതുല്യ പറയാറുണ്ടായിരുന്നു. സൈക്കോയെപ്പോലെയാണ് സതീഷിന്റെ പെരുമാറ്റമെന്നും മദ്യകഴിച്ചാൽ പിന്നെ സ്വഭാവം മാറുമെന്നും പറഞ്ഞിട്ടുണ്ട്. രാവിലെ ഒന്നും ഓര്‍മ്മയില്ലാത്തപോലെ പെരുമാറും. ശാരീരകമായും മാനസികമായും അതുല്യയെ പീഡിപ്പിച്ചിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ അതുല്യയോട് പറഞ്ഞിരുന്നു. എന്നാൽ, സതീഷിനോടുള്ള ഇഷ്ടം കാരണം വീണ്ടും ഒരുമിച്ച് ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നുവെന്ന് അതുല്യയുടെ സുഹൃത്ത് പറഞ്ഞു.

സതീഷ് ജോലിക്ക് പോകുമ്പോള്‍ അതുല്യയെ ഫ്ലാറ്റിനുള്ളിലാക്കി പൂട്ടിയിട്ടാണ് പോകുന്നത്. ഓരോ തവണയും പ്രശ്നമുണ്ടാകുകയും പിന്നീട് മാപ്പുപറയുകയും ചെയ്യുകയായിരുന്നു. നാട്ടിലുള്ള മകളെയും ഷാര്‍ജയിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞ് അതുല്യയെ ബുദ്ധിമുട്ടിക്കുമായിരുന്നു. അച്ഛനെ മകൾക്ക് പേടിയായതിനാലാണ് അതുല്യ നാട്ടിലെ മാതാപിതാക്കൾക്കൊപ്പം മകളെ താമസിപ്പിച്ചിരുന്നതെന്നും സുഹൃത്ത് പറഞ്ഞു.

തന്നെ അയാൾ ചവിട്ടി കൂട്ടി, ജീവിക്കാൻ പറ്റുന്നില്ല എന്നും ശബ്ദസന്ദേശത്തിലുണ്ട്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.

മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അതുല്യയുടെ അച്ഛൻ പറഞ്ഞു. വിവാഹം കഴിഞ്ഞപ്പോൾ മുതൽ സതീഷ് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലും ക്രൂരമായി ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് മകളെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ബന്ധം വേർപെടുത്താൻ തീരുമാനിച്ചതായിരുന്നു. എന്നാൽ, കൗണ്‍സിലിങ്ങിനുശേഷം ഒന്നിച്ച് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും രാജശേഖരൻ പിള്ള പറഞ്ഞു.

ഭർത്താവിന്റെ ക്രൂര പീഡനത്തെ തുടർന്നാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. മരിക്കുന്നതിന് മുൻപ് അതുല്യ കുടുംബത്തിന് ഭർത്താവിൽനിന്നും ഏൽക്കേണ്ടി വന്ന ക്രൂര പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയിരുന്നു. സതീഷിനെതിരെ അതുല്യയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.