ശാന്തന്‍പാറയില്‍ വന്‍ വനംകൊള്ള;150 ലധികം മരങ്ങള്‍ മുറിച്ചു കടത്തി;പിന്നിൽ വനം മാഫിയ

ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ മേഖലയില്‍ വന്‍ വനംകൊള്ള. ശാന്തന്‍പാറ പേതൊട്ടിയില്‍ സിഎച്ച്ആര്‍ മേഖലയില്‍ നിന്ന് 150 ലധികം മരങ്ങള്‍ മുറിച്ചു കടത്തി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നാശനഷ്ടം ഉണ്ടായ പ്രദേശത്തിന് സമീപത്തുനിന്നാണ് മരങ്ങള്‍ മുറിച്ചുകടത്തിയത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.

ശാന്തന്‍പാറ വില്ലേജില്‍ മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന ഒന്നര ഏക്കര്‍ ഭൂമിയില്‍ നിന്നും ഒരാഴ്ച മുന്‍പാണ് മരങ്ങള്‍ മുറിച്ചു കടത്തിയത്. എം ബൊമ്മയ്യന്‍ എന്നയാളുടെ പേരിലുള്ള ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്.

മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അനുമതിയില്ലാത്ത സിഎച്ച്ആര്‍ ഭൂമിയിലാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. ഏലം പുനകൃഷിയുടെ മറവിലാണ് മരംവെട്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചില്ലകള്‍ വെട്ടി ഒതുക്കുന്ന പതിവ് നടപടികളുടെ മറവില്‍ മരങ്ങള്‍ മുറിച്ചു കടത്തുകയായിരുന്നു. ആഞ്ഞിലി, മരുത്, ഞാവല്‍, പ്ലാവ് തുടങ്ങിയ നിരവധി മരങ്ങള്‍ ആണ് മുറിച്ചു കടത്തിയത്.ഇതിനു പിന്നിൽ വനം മാഫിയയാണെന്ന് സംശയിക്കപ്പെടുന്നു.