ഉമ്മൻചാണ്ടി‌ സർക്കാരിനെ നിലനിർത്തിയ ആ ഇടത് എംഎൽഎ ആരാണ് ? വിഷ്ണുനാഥ് ആ രഹസ്യം വെളിപ്പെടുത്തുമോ ?

2011ലെ ഉമ്മൻചാണ്ടി‌ സർക്കാരിന്റെ കാലാവധി തികയ്ക്കാൻ ഒരു ഇടത് എംഎൽഎ നിയമസഭയിൽ‌ യുഡിഎഫിനെ സഹായിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പി സി വിഷ്ണുനാഥ് എംഎല്‍‌എ. നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിലിരുന്ന കാലത്ത് പലതവണ ഇടത് എംഎൽ‌എ ഭരണമുന്നണിയെ സഹായിച്ചിട്ടുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ രണ്ടാം ചരമവാർ‌ഷികത്തോടനുബന്ധിച്ച് മലയാള മനോരമയുമായി പങ്കുവച്ച ഓര്‍മകളിലാണ് വിഷ്ണുനാഥിന്റെ ഈ വെളിപ്പെടുത്തൽ.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 2 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി അധികാരത്തിലെത്തിയത്. ഭരണപക്ഷമായ യുഡിഎഫിന് 72. പ്രതിപക്ഷമായ എൽ‌ഡിഎഫിന് 68. 72 ൽ ഒരാൾ സ്പീക്കർ. അപ്പോൾ ഫുൾ ക്വോറത്തിൽ ഭൂരിപക്ഷം ആകെ ഒന്ന് മാത്രം. ഈ കുറഞ്ഞ അംഗബലവും വച്ച് ഉമ്മൻചാണ്ടിക്ക് കാലാവധി തികയ്ക്കാനാകുമോ എന്ന സംശയം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു.

45 സീറ്റുമായി സിപിഎം ആയിരുന്നു അന്ന് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസിന് 38 സീറ്റുമാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ യുഡിഎഫിലെ അഞ്ച് ഘടകകക്ഷികൾക്ക് 34 സീറ്റുണ്ടായിരുന്നപ്പോൾ എൽഡിഫിലെ നാല് ഘടകകക്ഷികളും സ്വതന്ത്രരും ചേർന്ന് 23 സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.

ആരാണ് ഉമ്മൻ ചാണ്ടിയെ സഹായിച്ച ആ ഇടത് എംഎൽഎ എന്ന് കോൺഗ്രസ് നേതാവും ഇപ്പോൾ കൊല്ലം ജില്ലയിലെ കുണ്ടറ എംഎൽഎ യുമായ പി സി വിഷ്ണുനാഥ് തുറന്നു പറഞ്ഞിട്ടില്ല .ഉടനെ പറയുമോ ? അതോ ഉണ്ടയില്ലാത്ത വെട്ടിയോ? കാത്തിരുന്നു കാണാം.