കൊച്ചി ചൈത്രധാരയുടെ ഏറ്റവും പുതിയ നാടകമായ ‘ജന്മം’ തുടങ്ങി.ഇന്നലെ (14 -07 -2025 ) ചെറായി സഹോദരനയ്യപ്പൻ സ്മാരകത്തിലെ ഓഡിറ്റോറിയത്തിൽ കവയിത്രി ശശികല മേനോൻ ഭദ്ര ദീപം തെളിയിച്ചാണ് ജന്മത്തിനു തുടക്കം കുറിച്ചത്.ആദ്യത്തെ റിഹേഴ്‌സൽ ആരംഭിച്ചു.2025 ആഗസ്റ്റ് മാസമാണ് ജന്മം സ്റ്റേജിൽ അവതരിപ്പിക്കുക .മഹാഭാരതത്തിലെ അശ്വത്ഥാത്മാവിന്റെ കഥയെ ആസ്പദമാക്കിയാണ് നാടക രചന .എം ടി വാസുദേവൻ നായർ രണ്ടാംമൂഴം എന്ന നോവലിന്റെ അനുബന്ധത്തിൽ എഴുതിയത് മഹാഭാരതത്തിൽ അർത്ഥപൂർണ്ണമായ നിശ്ശബ്ദതകൾ വിട്ടുവെച്ചിരിക്കുന്നു.പിന്നീട് വരുന്നവർക്കായി.

വ്യാസ മഹാഭാരതത്തിൽ എല്ലാമുണ്ട് എന്ന പഴമൊഴി വെറും വാക്കല്ലെന്ന് രണ്ടാംമൂഴത്തിലെ ഫലശ്രുതിയിൽ എം ടി പറയുന്നുണ്ട്.സസ്യശാസ്ത്രവും ജന്തുശാസ്ത്രവും എല്ലാം തുണ്ടത്തിൽ .കാറ്റിന്റെ ഗതിവിഗതികളെപ്പറ്റി അറിയണോ ?അതാ ഒരദ്ധ്യായം .ശരീര ശാസ്ത്രവും രോഗലക്ഷണങ്ങളുമറിയാണോ ? അതിലുണ്ട്.അതിബൃഹത്തയ ഒരപൂർവ കൃതി.അതിതീഷ്ണമായ മനുഷ്യകഥ.അതിനോട് താരതമ്യപ്പെടുത്തുമ്പോൾ ഇലിയഡ് നിഷ്പ്രഭമാവും .എന്നാണ് എം ടി മഹാഭാരതത്തെക്കുറിച്ച് പറയുന്നത്.
സി ഡി ദേശികനാണ് ജന്മത്തിന്റെ നാടക രചന നിർവഹിച്ചത്.മുതിർന്ന പത്രപ്രവർത്തകനായ ദേശികന്റെ പത്താമത്തെ നാടകമാണിത്.അതേസമയം കൊച്ചി ചൈത്രധാരയുടെ പന്ത്രണ്ടാമത് നാടകമാണ് ജന്മം.കെ പി എ സി യുടെ പല നാടകങ്ങളും സംവിധാനം ചെയ്‌ത നിരവധി സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ പ്രതിഭാധനനായ മനോജ് നാരായണനാണ് ജന്മം എന്ന നാടകത്തിന്റെ സംവിധായകൻ.രംഗപടം: ആർട്ടിസ്റ്റ് സുജാതൻ.ഗാനരചന- സിനിമ ഗാനരചയിതാവ് ശശികല മേനോൻ

ആധുനിക സംഭവികാസങ്ങളുമായികണ്ണികൾ ചേർത്താണ് അശ്വത്ഥാമാവിന്റെ കഥ പുരോഗമിക്കുന്നത്.വ്യത്യസ്തമായ പ്രമേയവും നൂതനമായ അവതരണവും ജന്മം എന്ന നാടകത്തെ വേറിട്ട് നിർത്തുന്ന ഘടകമാണെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.ഈ വർഷവും അടുത്ത വർഷവും നാടക പ്രേമികളെ ആകർഷിക്കാൻ പോകുന്ന നാടകമായിരിക്കും ജന്മം.
മഹാഭാരതത്തിലെ അശ്വത്ഥാമാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസം എന്തുകൊണ്ട്.? ഈ യോദ്ധാവിനു ലഭിച്ച ശാപംഎന്താണ്? അതിനുള്ള മറുപടി കൂടിയാവണം ജന്മം എന്ന നാടകം എന്നു കരുതാം.മലയാളികളുടെ സാംസ്‌കാരിക-സാമൂഹിക ഭൂമികയില്‍ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന നാടകമായി ജന്മം മാറുമെന്നാണ് പ്രതീക്ഷ.
സി ഡി ദേശികൻ എഴുതിയ ഞാൻ എന്ന നാടകം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നിരവധി നാടക മത്സരങ്ങളിൽ നല്ല നാടകം ,മികച്ച നാടക രചന ,മികച്ച സംവിധാനം എന്നിവയ്ക്ക് അവാർഡുകൾ നേടുകയുണ്ടായി.

മലയാളത്തിന്റെ നാടകാചാര്യനായ എൻ എൻ പിള്ളയുടെ ആത്മകഥയാണ് ഞാൻ.ഈ ആത്മകഥയെ പശ്ചാത്തലമാക്കിയാണ് നാടകരചന.കൊച്ചി ചൈത്രധാരയുടെ പന്ത്രണ്ട് നാടകങ്ങളും വ്യത്യസ്തങ്ങളാണ്.മലയാറ്റൂരിന്റെ യക്ഷി നാടക പ്രേമികൾക്ക് പുതിയ അനുഭവമാണ് പകർന്നത്.പ്രശസ്ത സാഹിത്യകാരനായ ഉറൂബിന്റെ ചെറുകഥയുടെ സ്വതന്ത്ര ആവിഷ്കാരമായ രാച്ചിയമ്മ അടുത്ത വർഷം അവതരിപ്പിക്കും.രാച്ചിയമ്മയുടെ രചനയും സി ഡി ദേശികനാണ് നിർവഹിച്ചത്.