ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി ദേശീയ അനേഷണ ഏജൻസി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിനെതിരെ ഗുരുതര കുറ്റങ്ങളാണ് ഈ ഏജൻസി കണ്ടെത്തിയത്.ജയിലിലെ തടവുകാരെ ഒരുമിച്ച്കൂട്ടി ഭീകര പ്രവർത്തനത്തിന് പുതിയ സംഘമുണ്ടാക്കിയെന്നാണ് എൻഐഎ വ്യക്തമാക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് .

അറസ്റ്റിലായ ജയിൽ ഡോക്ടറെയും എഎസ്ഐയെയും തീവ്രവാദ റിക്രൂട്ട്മെന്റിന് ഉപയോഗിച്ചതായും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മൂന്നുപേരുടെയും റൂട്ട് മാപ്പ് തയാറാക്കി അന്വേഷണം തുടരുകയാണ്.
ലഷ്ഖർ ഇ തൊയ്ബയുടെ നേതൃത്തിൽ 2023ൽ ബെംഗളൂരുവിലെ വിവിധ നഗരങ്ങളിൽ സ്ഫോടനം നടത്താനിരുന്ന പദ്ധതി പാളിയതിന് പിന്നാലെയായിരുന്നു പുതിയ തീവ്രവാദ സംഘത്തെ കെട്ടിപ്പടുക്കാൻ തടിയന്റവിടെ നസീർ ശ്രമമാരംഭിച്ചത്. അറസ്റ്റിലായ ജയിൽ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, മുസ്ലീം യുവാക്കളായ തടവുകാരെ തീവ്രവാദ പ്രവർത്തനത്തിനായി പ്രേരിപ്പിച്ചെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കാൻ ജയിലിലെ തടവുകാരെ എൻഐഎ ചോദ്യം ചെയ്യുകയാണ്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടിയന്റവിടെ നസീർ ജയിലിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ ഘട്ടംഘട്ടമായുള്ള പദ്ധതിയാണ് എൻഐഎ പുറത്തുകൊണ്ടുവന്നത്. മാനസികമായി തകർന്ന തടവുകാര്‍ക്ക് ആത്മവിശ്വാസം പകർന്നു നേർവഴിക്ക് കൊണ്ടുവരികയായിരുന്നു സൈക്യാട്രിസ്റ്റ് നാഗരാജുവിന്റെ ചുമതല. എന്നാൽ ഇതിനുപകരം, ജയിലിനുള്ളിലെ മുസ്ലിം യുവാക്കളെ തീവ്രവാദപ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുകയാണ് അദ്ദേഹം ചെയ്തത്.

മുസ്ലിം സമൂഹത്തിനെതിരെ അനീതി നടക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. ഡോക്ടറായതിനാൽ ജയിലിനുള്ളിൽ എവിടെയും ഏതുസമയത്തും പ്രവേശിക്കാൻ നാഗരാജിന് കഴിയുമായിരുന്നു. ഇത് അവസരമായി നാഗരാജ് ഉപയോഗിച്ചുവെന്നാണ് പ്രാഥമിക നിഗമനം.