ശശി തരൂർ വീണ്ടും കോൺഗ്രസിനെതിരെ.ഇപ്പോൾ അടിയന്തരാവസ്ഥ ഉയർത്തിയാണ് കോൺഗ്രസിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എം പിയും ബിജെപിയെ അടിക്കാൻ ഉപയോഗിക്കുന്ന ഇന്ദിരാഗാന്ധിക്കെതിരെയാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം ശശി തരൂർ കടുത്ത ഭാഷയിൽ വിമർശിച്ചത്.ഇനി ശശി തരൂരിനെ എന്ത് ചെയ്യണം? എന്നാണ് ഇപ്പോൾ നെഹ്‌റു കുടുംബത്തിൽ ഗൗരവമായി ചർച്ച ചെയ്യുന്നത്.കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നുള്ള അടുത്ത കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ആളുകൾ നിർദേശിച്ചത് ശശി തരൂരിനെയാണ്.ഇക്കാര്യം അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.വി ഡി സതീശനും രമേശ് ചെന്നിത്തലയും ശശി തരൂരിനെക്കാൾ പിന്നിലാണ്.
അടിയന്തരാവസ്ഥ രാജ്യത്തെ ഇരുണ്ട കാലഘട്ടമാണ്. പറഞ്ഞറിയിക്കാനാകാത്ത ക്രൂരതകളാണ് അടിയന്തരാവസ്ഥ കാലത്ത് അരങ്ങേറിയത്. കര്‍ക്കശ നടപടികള്‍ക്ക് നിര്‍ബന്ധം പിടിച്ചത് ഇന്ദിരാഗാന്ധിയാണ്. അടിയന്തരാവസ്ഥാക്കാലത്ത് ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരതകളാണെന്നും, അടിയന്തരാവസ്ഥ പാഠമുള്‍ക്കൊണ്ട് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ശശി തരൂർ പറയുന്നു.
രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ മൂടിക്കെട്ടി. രാഷ്ട്രീയമായ വിജോയിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. അമ്പതു വര്‍ഷങ്ങല്‍ക്കിപ്പുറവും ആ കാലഘട്ടം അടിയന്തരാവസ്ഥയായി ഇന്ത്യക്കാരുടെ ഓര്‍മകളില്‍ മായാതെ കിടക്കുന്നുവെന്ന് ശശി തരൂര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി വലിയ ക്രൂരതകളാണ് നടത്തിയത്. നിര്‍ബന്ധിത വന്ധ്യംകരണം ഇതിന് ഉദാഹരണമാണ്. ഗ്രാമീണമേഖലകളില്‍ സ്വേച്ഛാപരമായ ലക്ഷ്യം നേടുന്നതിന് ബലപ്രയോഗവും അക്രമവും സഞ്ജയ് ഉപയോഗിച്ചു. അടിയന്തരാവസ്ഥയ്ക്ക് നമ്മുടെ റിപ്പബ്ലിക്കിന്റെ ആത്മാവിന്റെ വില നല്‍കേണ്ടി വന്നു. ഭരണഘടനാപരമായ നിയമങ്ങളോടുള്ള പരസ്യമായ അവഗണന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മായാത്ത മുറിവേല്‍പ്പിച്ചു. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്റെ പാഠങ്ങള്‍ നാം ഉള്‍ക്കൊള്ളണമെന്നും ലേഖനത്തില്‍ ശശി തരൂര്‍ ഓര്‍മ്മിപ്പിക്കുന്നു.