എം ആർ അജയൻ
amrajayan@gmail.com
9447215856
ഇടതിന് തിരിച്ചടിയും യുഡിഎഫിന് ആശ്വാസവുമായി മാറുമോ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയുടെ തീരുമാനം.ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ് (മാണി) യുഡിഎഫിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുകയാണ്.
1980 കാലത്ത് ജോസ് കെ മാണിയുടെ പിതാവും കേരളകോൺഗ്രസിന്റെ അമരക്കാരനുമായ സാക്ഷാൽ കെ എം മാണി ഇടതു ചേരിയിലായിരുന്നു.അന്ന് എ കെ ആന്റണി നേതൃത്വം നൽകുന്ന കോൺഗ്രസും ഇടതു ചേരിയിൽ നിലയുറപ്പിച്ചിരുന്നു.80 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിക്കുകയും ഇ കെ നായനാർ മുഖ്യമന്ത്രിയാവുകയും ചെയ്‌തു.ആന്റണി കോൺഗ്രസ് മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് തിരിച്ച് പോകാൻ തീരുമാനം എടുത്തതോടെ ഇടതു സർക്കാരിനോടുള്ള സമീപനത്തിൽ മാണിഗ്രൂപ്പിനു ചാഞ്ചാട്ടം ഉണ്ടായി.

ഇ കെ നായനാർ രാജിവെക്കുന്നതിനു തലേദിവസം വരെ കെ എം മാണി മുഖ്യമന്ത്രി ഇ കെ നയനാരോട് പറഞ്ഞത് ഞങ്ങളൊരിക്കലും ഇടതു മുന്നണി വിട്ടുപോവില്ലെന്നായിരുന്നു.എന്നാൽ അപ്രതീക്ഷിതമായി പിറ്റേദിവസം മാണിഗ്രൂപ്പ് നേതാവായ തോമസ് കുതിരവട്ടം മന്ത്രിമാരുടെ രാജിക്കത്ത് മുഖ്യമന്ത്രിയെ ഏൽപ്പിച്ചു.1981 ഒക്ടോബർ 20 നായിരുന്നു അത് .അന്ന് നായനാർ മന്ത്രിസഭയിൽ മാണിഗ്രൂപ്പിനു മൂന്നുമന്ത്രിമാരാണ് ഉണ്ടായിരുന്നത്.കെ എം മാണി,ലോനപ്പൻ നമ്പാടൻ ,ആർ ബാലകൃഷ്‌ണപിള്ള എന്നിവരായിരുന്നു അവർ .അന്നുതന്നെ ഇ കെ നായനാർ ഗവർണറെ കണ്ട് രാജി സമർപ്പിച്ചു.തുടർന്ന് ഗവർണർ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി.
കെ എം മാണിയുടെ രാജി ഇ കെ നായനാരെ ഞെട്ടിക്കുന്നതായിരുന്നു.എട്ട് എംഎൽഎമാരാണ് മാണി ഗ്രൂപ്പിനുണ്ടായിരുന്നത്.തലേദിവസം വരെ ഒപ്പം ഉണ്ടാവുമെന്ന് ഉറപ്പ് നൽകിയ കെ എം മാണി പിറ്റേന്ന് മറുകണ്ടം ചാടുകയാണുണ്ടായത്.ഇതാണ് രാഷ്ട്രീയം.
1981ൽ ഇ കെ നായനാരെ കെ എം മാണി ചതിച്ചപോലെ 2025 ൽ മാണിയുടെ മകൻ ജോസ് കെ മാണി പിണറായി വിജയനെ ചതിക്കുമോ ? എന്നാണ് അധികാരത്തിന്റെ ഇടനാഴികളിൽ രാഷ്ട്രീയ വിശാരദന്മാർ ഇപ്പോൾ ചർച്ച ചെയ്യുന്നത്.അന്ന് കെ എം മണിക്ക് എട്ടു എംഎൽഎ മാരാണ് ഉണ്ടായിരുന്നെങ്കിൽ ഇന്നിപ്പോൾ ജോസ് കെ മണിക്ക് അഞ്ച് എംഎൽഎമാരാണുള്ളത്.12 സീറ്റുകളിൽ മത്സരിച്ച് അഞ്ചു സീറ്റുകളിലാണ് ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് വിജയിച്ചത്.
81 ൽ ജോസ് കെ മാണിയുടെ പിതാവ് കെ എം മാണി നായനാർ മന്ത്രിസഭയുടെ പാലം വലിച്ചപോലുള്ള രാഷ്ട്രീയ സാഹചര്യം അല്ല ഇപ്പോഴുള്ളത്.ഇ കെ നായനാർ 93 സീറ്റുകളോടെയുമാണ് അധികാരത്തിലെത്തിയത്.21 സീറ്റുകൾ ആന്റണി കോൺഗ്രസിനും എട്ട് സീറ്റുകൾ മാണി ഗ്രൂപ്പിനും ഉണ്ടായിരുന്നു.ഇവർ രണ്ട് പേരും പിന്തുണ പിൻവലിച്ചപ്പോൾ ഭൂരിപക്ഷം നഷ്ടപ്പെടുകയും നായനാർ സർക്കാർ നിലം പതിക്കുകയും ചെയ്‌തു.ഇപ്പോൾ അതല്ല സ്ഥിതി .പിണറായി സർക്കാരിനു 98 സീറ്റുകളുണ്ട്.അതിൽ അഞ്ചു സീറ്റുകളാണ് ജോസ് കെ മാനിക്കുള്ളത്.അതിനാൽ ജോസ് കെ മാണി ഇടതുമുന്നയി വിട്ടു യുഡിഎഫിൽ ചേക്കേറിയാലും പിണറായി സർക്കാർ താഴെ വീഴില്ല.ജോസ് കെ മാണിയോടൊപ്പം
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരാൻ പ്രധാന കാരണങ്ങളിലൊന്ന് യുഡിഎഫ് വിട്ട് ജോസ് കെ മണിയുടെ കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ തെരെഞ്ഞെടുപ്പിനു മുമ്പ് എത്തിയതുകൊണ്ടാണ്.അക്കാര്യം ഇടതു മുന്നണി പോലും അന്ന് അംഗീകരിച്ചതാണ്.അതിനാൽ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് ഇല്ലാതെ തെരെഞ്ഞെടുപ്പ് നേരിടുമ്പോൾ വലിയ തിരിച്ചടി ഇടത് നേരിട്ടും.അങ്ങനെ വന്നാൽ അടുത്ത തവണ പിണറായി അധികാരത്തിൽ എത്തില്ല.മാണിയോടൊപ്പം 17 എംഎൽമാരുള്ള സിപിഐ പോയാലും പിണറായി സർക്കാരിനു പേടിക്കേണ്ടതില്ല.
ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് മുന്നണി വിടുമെന്ന കാര്യം അവരുടെ പാർട്ടിയിൽ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. അതുകൊണ്ടാണ് വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാനായി അടിയന്തര നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. ഇത് എല്‍ഡിഎഫുമായി ബന്ധം വേര്‍പെടുത്താനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് രാഷ്ട്രീയ വിദഗ്ദ്ധർ വ്യാഖ്യാനിക്കുന്നത്.

ഇടതുമുന്നണി വിടുന്നതിന്റെ മുന്നോടിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ജോസ് കെ മാണി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായും ജോസ് കെ മാണി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ജോസ് കെ മാണി ഇടതു മുന്നണി വിട്ടാൽ കേരള കോൺഗ്രസ് (മാണി ) പിളരുമെന്ന് സൂചനയുണ്ട്.മന്ത്രി റോഷി അഗസ്റ്റിൻ ഇടതുമുന്നണിയിൽ തുടരാനാണ് സാധ്യത.അദ്ദേഹത്തോടൊപ്പം കുറച്ച് നേതാക്കളും പ്രവർത്തകരും നിലയുറപ്പിക്കും.