നേമം ;രാജീവ് ചന്ദ്രശേഖർ ,വി ശിവൻ കുട്ടി എന്നിവരെ നേരിടാൻ വൈഷ്ണ സുരേഷ്

നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സൂപ്പര്‍ പോരാട്ടം നടത്തുന്ന നേമം മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കെ എസ് യു നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെയാണ് കോണ്‍ഗ്രസ് ഏറ്റവുമൊടുവില്‍ പരിഗണിക്കുന്നത്. നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ട വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് വൈഷ്ണ സുരേഷ് .

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎം രംഗത്തു വന്നത് ഏറെ വിവാദമായിരുന്നു. സിപിഎമ്മിന്റെ പരാതിയെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയും ചെയ്തിരുന്നു. ഒടുവില്‍ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചതോടെയാണ് വൈഷ്ണയ്ക്ക് മത്സരിക്കാന്‍ സാഹചര്യം ഒരുങ്ങിയത്. വാശിയേറിയ പോരാട്ടത്തില്‍ വിജയിച്ച് വൈഷ്ണ കൗണ്‍സിലറാകുകയും ചെയ്തു.

മന്ത്രി വി ശിവന്‍കുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമാണ് നേമത്ത് യഥാക്രമം സിപിഎം, ബിജെപി സ്ഥാനാര്‍ത്ഥികള്‍. മുമ്പ് ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലം കൂടിയാണ് നേമം. ഈ മണ്ഡലത്തിലേക്ക് ആദ്യം കെ എസ് ശബരിനാഥന്‍, വി എസ് ശിവകുമാര്‍, നേമം ഷജീര്‍ എന്നിവരെ പരിഗണിച്ചിരുന്നു. എന്നാല്‍ ശിവകുമാറും ശബരിനാഥനും തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കാനാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്.